ചെന്നൈ: റെയില്‍വേ ട്രാക്കിന് സമീപം കളിച്ച് കൊണ്ടിരുന്ന ഭിന്നശേഷിക്കാരായ മൂന്ന് സഹോദരന്മാര്‍ ഇലക്‌ട്രിക് ട്രെയിനിടിച്ച് മരിച്ചു. കര്‍ണാടക സ്വദേശിയായ സഞ്ജം പന്നന്‍ എന്നയാളുടെ മക്കളായ സുരേഷ്, രവി, സഞ്ജം പന്നന്‍റെ സഹോദരന്‍ ഹനുമന്തപ്പയുടെ മകന്‍ മഞ്ജുനാഥ് എന്നിവരാണ് മരിച്ചത്. ഇന്ന് (ഒക്‌ടോബര്‍ 24) ഉച്ചയോടെ ഊരപ്പാക്കത്താണ് സംഭവം.
ചെന്നൈയില്‍ നിന്നും ചെങ്കല്‍പ്പട്ടിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് കുട്ടികളെ ഇടിച്ച് തെറിപ്പിച്ചത്. കര്‍ണാടകയില്‍ മുത്തശ്ശിക്കൊപ്പം കഴിയുന്ന മൂവരും സ്‌കൂള്‍ അവധിക്കാലത്ത് മാതാപിതാക്കളെ കാണാനെത്തിയതായിരുന്നു. ചെങ്കൽപട്ട് ജില്ലയിലെ വണ്ടല്ലൂരിനടുത്ത് ചെല്ലിയമ്മൻ കോവിലാണ് കുടുംബം താമസിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഗുഡുവാഞ്ചേരി പൊലീസും താംബരം റെയില്‍വേ പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു: ബംഗ്ലാദേശിലെ ഭൈരവ് റയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (ഒക്‌ടോബര്‍ 23) രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 100ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കിഷോര്‍ഗഞ്ചില്‍ നിന്നും ധാക്കയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിന്‍റെ രണ്ട് ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. ട്രെയിനിന്‍റെ തകര്‍ന്ന ബോഗികള്‍ക്കിടയില്‍ നിരവധി പേരാണ് കുടുങ്ങി കിടന്നത്. അപകടത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന് കാരണം എന്താണെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ധാക്ക പൊലീസ് സൂപ്രണ്ട് അനോവര്‍ പറഞ്ഞു.
ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം: രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ അടുത്തിടെ ജാജ്‌പൂരില്‍ ട്രെയിനിന് അടിയില്‍പ്പെട്ട ആറ് പേര്‍ മരിച്ചു. ഗുഡ്‌സ് ട്രെയിനിനടിയില്‍പ്പെട്ടാണ് മരണം. ജാജ്‌പൂരില്‍ ശക്തമായ ഇടിമിന്നലുണ്ടായതിനെ തുടര്‍ന്ന് രക്ഷ നേടുന്നതിനായി പാളത്തിലുണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനിന് അടിയില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ട്രെയിന്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതോടെ അടിയില്‍ കുടുങ്ങിയ ആറ് പേരും മരിക്കുകയായിരുന്നു.
മധുരയില്‍ ടൂറിസ്റ്റ് ട്രെയിനിന് തീപിടിച്ച് അടുത്തിടെ മരിച്ചത് 9 പേര്‍. ലഖ്‌നൗവില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി രാമേശ്വരത്തേക്കുള്ള യാത്രയിലാണ് അപകടം. യാത്രക്കാര്‍ ട്രെയിനില്‍ വച്ച് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ചായ തയ്യാറാക്കുന്നതിനിടെയായിരുന്നു അപകടം. സിലിണ്ടര്‍ പൊട്ടി തെറിച്ച് തീ പടരുകയായിരുന്നു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.