ന്യൂഡല്‍ഹി: ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച അവകാശവാദം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് ഉദ്ദവ് താക്കറെ വിഭാഗത്തിന് പതിനഞ്ച് ദിവസം കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലിനും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗവും ഉദ്ദവ് താക്കറെ നയിക്കുന്ന വിഭാഗവും അവകാശവാദമുന്നയിച്ചിരുന്നു. ഓഗസ്റ്റ് എട്ടിന് മുമ്പ് ഈ രണ്ട് വിഭാഗങ്ങളോടും തങ്ങളുടെ അവകാശവാദം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
താക്കറെ വിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് അവസാന തിയതി മാറ്റിയത്. പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ഘടകത്തിന്‍റേയും സംഘടന ഘടകത്തിന്‍റേയും പിന്തുണ വ്യക്തമാക്കുന്ന കത്തുകള്‍ അടക്കമുള്ള രേഖകളാണ് ഇരു വിഭാഗത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഏക്‌നാഥ് ഷിന്‍ഡെയും 39 ശിവസേന എംഎല്‍എമാരും ഈ വര്‍ഷം ജൂണിലാണ് ഉദ്ദവ് താക്കറയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി പിളര്‍ത്തിയത്.
ഇതോടെ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്നുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീഴുകയായിരുന്നു. ഷിന്‍ഡെ വിഭാഗം ബിജെപിയുമായി ചേര്‍ന്ന് കൊണ്ട് മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ വന്നു. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായും ദേവന്ദ്രഫഡ്‌നവിസ് ഉപമുഖ്യമന്ത്രിയായും ജൂണ്‍ 30ന് സത്യപ്രതിജ്ഞ ചെയ്‌തു.