ന്യൂഡൽഹി : രാജസ്ഥാൻ (Rajasthan), മധ്യപ്രദേശ് (Madhya Pradesh), ഛത്തീസ്‌ഗഡ് (Chhattisgarh), തെലങ്കാന (Telangana), മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും (Election Commission To Announce Poll Date In Five States). ഇന്ന് നടക്കുന്ന വാർത്ത സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തിയതികൾ പ്രഖ്യാപിക്കുക. അഞ്ച് സംസ്ഥാനങ്ങളിലെയും (Poll-bound states) തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ ഇതിനോടകം തെരഞ്ഞെടുപ്പ് ബോഡി വിലയിരുത്തി.
തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മറ്റുമായി കഴിഞ്ഞ ആഴ്‌ച ഡൽഹിയിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുമായി ഒരു ഹ്രസ്വ യോഗം സംഘടിപ്പിച്ചു. മധ്യപ്രദേശിൽ നിലവിൽ ബിജെപിയാണ് (ഭാരതീയ ജനത പാർട്ടി) ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഭരണം കോൺഗ്രസിനാണ്. തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) സർക്കാരുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടാണ് (എംഎൻഎഫ്) നിലവിൽ മിസോറാം ഭരിക്കുന്നത്.
മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് നിയമസഭകളുടെ കാലാവധി 2024 ജനുവരിയിൽ അവസാനിക്കും. നിലവിലെ മിസോറാം സര്‍ക്കാരിന്‍റെ കാലാവധി ഈ വർഷം ഡിസംബറിൽ അവസാനിക്കും.
രാജസ്ഥാൻ (Rajasthan): രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 121 സീറ്റുള്ള കോണ്‍ഗ്രസ് ആണ് ഭരണത്തില്‍. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് 13 സ്വതന്ത്രരും ഒര് ആര്‍ എല്‍ ഡി അംഗവും പിന്തുണ നല്‍കുന്നുണ്ട്. 70 സീറ്റ് നേടിയ ബിജെപിയാണ് ഈ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം.
മധ്യപ്രദേശ് (Madhya Pradesh): മധ്യപ്രദേശില്‍ 230 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 128 സീറ്റുകളുള്ള ബിജെപിയാണ് നിലവില്‍ ഭരണത്തില്‍. 98 സീറ്റുമായി കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷ കക്ഷിയായി രംഗത്തുണ്ട്. 3 സ്വതന്ത്രരും ഒരു ബി എസ് പി അംഗവും പ്രതിപക്ഷത്തുണ്ട്.
ഛത്തിസ്‌ഗഡ് (Chhattisgarh): 90 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റ് നേടി ഭൂപേഷ് ഭാഗലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആണ് ഭരണത്തിൽ. 15 സീറ്റുകളുമായി ബിജെപി പ്രതിപക്ഷത്തുണ്ട്. ബി എസ് പിക്ക് ഏഴ് അംഗങ്ങളാണ് ഉള്ളത്.
മിസോറാം (Mizoram): 40 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 27 സീറ്റുകളുള്ള എം എന്‍ എഫ് ആണ് നിലവില്‍ ഭരിക്കുന്നത്. കോണ്‍ഗ്രസിന് ആറും ബിജെപിക്ക് അഞ്ചും തൃണമൂലിന് ഒന്നും എംഎല്‍ എമാരാണ് നിലവിൽ ഉള്ളത്. 13 സീറ്റുള്ള സൊറാം പീപ്പിള്‍സ് മൂവ്മെന്‍റ് ആണ് മുഖ്യ പ്രതിപക്ഷം.
തെലങ്കാന (Telangana): 116 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 101 സീറ്റ് നേടി ബി ആര്‍ എസാണ് ഭരണത്തില്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മിന് ഏഴും കോണ്‍ഗ്രസിന് അഞ്ചും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്.