ന്യൂഡൽഹി : ശിവസേനയിലെ ഷിൻഡെ താക്കറെ വിഭാഗങ്ങൾ തമ്മിലുള്ള ചിഹ്നപ്പോരിന് തടയിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. ഇനി മുതൽ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഷിൻഡെ പക്ഷത്തിന് ഉപയോഗിക്കാം.
സംസ്ഥാനത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നേരത്തെ അനുവദിച്ച ദീപശിഖ ചിഹ്നം നിലനിർത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്ധവ് താക്കറെ വിഭാഗത്തിന് അനുമതി നൽകി. അതേസമയം കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചേക്കും.
2022 ജൂണിലാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരുകൂട്ടം എംഎൽഎമാർ ബിജെപിയുമായി ചേർന്ന് വിമത നീക്കം നടത്തിയത്. ദിവസങ്ങൾ നീണ്ടുനിന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ജൂണ്‍ 29ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയായിരുന്നു. പിന്നാലെ ജൂണ്‍ 30ന് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
പിന്നാലെ 2022 നവംബറിൽ നടന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി ഇരുകൂട്ടരും പോരാട്ടം തുടങ്ങിയത്. തന്‍റെ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയാണ് ശിവസേനയെന്നും അതിനാൽ യഥാർഥ ശിവസേന തങ്ങളാണെന്നുമായിരുന്നു ഉദ്ധവ് താക്കറെയുടെ വാദം. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ഷിൻഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.
പിന്നാലെ ശിവസേനയുടെ ഔദ്യോഗിക ചിഹ്നം മരവിപ്പിച്ച് ഇരു കൂട്ടർക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ചിഹ്നം നൽകുകയായിരുന്നു. ഉദ്ധവ് താക്കറെ വിഭാഗത്തിന് ദീപശിഖ ചിഹ്നം നൽകിയപ്പോൾ ഏക്‌നാഥ് ഷിൻഡെയുടെ ബാലാസാഹേബ് എന്ന വിഭാഗത്തിന് രണ്ട് വാളും പരിചയുമാണ് ചിഹ്നമായി അനുവദിച്ചത്. അതേസമയം തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ സ്ഥാനാർഥി രുതുജ ലത്കെ 66,530 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.