ഹൈദരാബാദ്: പുതിയ തലമുറ കണ്ടുപഠിക്കണം മിടുക്കിയായ ഈ മുത്തശ്ശിയെ. വയസ് 80 ആയെങ്കിലും പ്രായത്തിന്‍റെ ആകുലതകള്‍ക്കൊന്നും മുത്തശ്ശിയെ കീഴ്‌പ്പെടുത്താനായിട്ടില്ല. തന്‍റെ ജോലികളെല്ലാം സ്വയം ചെയ്യണമെന്ന നിര്‍ബന്ധവും അവര്‍ക്കുണ്ട്.
മഹാരാഷ്‌ട്ര സ്വദേശിയായ ഭാരതി ജിതേന്ദ്ര പഥകാണ് വ്യായാമം കൊണ്ട് പ്രായത്തെ തോല്‍പ്പിക്കാമെന്ന് തെളിയിച്ച് താരമായത്. മുംബൈയില്‍ നടന്ന ടാറ്റ മുംബൈ മാരത്തണില്‍ 50 മിനിറ്റില്‍ അഞ്ച് കിലോമീറ്റര്‍ ഓടി തീര്‍ത്താണ് ഭാരതി താരമായത്. ഭാരതിയുടെ ആവേശവും വേഗതയും സഹ മത്സരാര്‍ഥികളെ യഥാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു.
തനിക്ക് പ്രായം വെറും സംഖ്യ മാത്രമാണെന്നാണ് ഭാരതി പറയുന്നത്. 'ഇഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രായം ഒരു തടസമല്ല. നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യൂ. ഒരിക്കലും നിങ്ങളുടെ മേല്‍ സ്വയം നിയന്ത്രണങ്ങള്‍ കൊണ്ടുവരരുത്', ഭാരതി സമപ്രായക്കാര്‍ക്ക് നല്‍കുന്ന ഉപദേശമാണിത്.
മുത്തശ്ശിയുടെ ഫിറ്റ്‌നസ് രഹസ്യം അറിയാന്‍ സൂത്രത്തില്‍ അടുത്തുകൂടിയവരും ഏറെയാണ്. 'ഇതെന്‍റെ അഞ്ചാമത്തെ മാരത്തണ്‍ ആണ്. ഓട്ടവും നടത്തവും എനിക്ക് ഏറെ ഇഷ്‌ടമുള്ള വ്യായാമമാണ്. എന്നും രാവിലെ നടക്കുന്ന പതിവുണ്ട്', ഫിറ്റ്നസ് രഹസ്യം ചോദിച്ചവരോട് ഭാരതി മുത്തശ്ശി പറഞ്ഞത് ഇങ്ങനെയായിരുന്നു.
50 മിനിറ്റില്‍ അഞ്ച് കിലോമീറ്റർ: സാരി ധരിച്ച് ഇത്രയും ദൂരം തളര്‍ച്ച ഇല്ലാതെയാണ് ഭാരതി ഓടിത്തീര്‍ത്തത്. സഹ മത്സരാര്‍ഥികള്‍ തളര്‍ന്നപ്പോഴെല്ലാം ചുറുചുറുക്കോടെ ഭാരതി ഫിനിഷിങ് പോയിന്‍റിലേക്ക് കുതിക്കുകയായിരുന്നു. ഇടക്ക് വേഗത കുറച്ചെങ്കിലും ആവേശത്തിന് കുറവൊന്നും ഉണ്ടായില്ല. ഭാരതിയുടെ ആവേശം കണ്ട് തങ്ങളും തളര്‍ച്ച മറന്നു എന്നാണ് സഹ മത്സരാര്‍ഥികള്‍ പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയയിലെ 'സ്റ്റാര്‍ ഗ്രാനി': ഭാരതിയുടെ മാരത്തണ്‍ പ്രകടനം മൊബൈലില്‍ പകര്‍ത്തി കൊച്ചുമകള്‍ ഡിംപിള്‍ മേത്ത ഫെര്‍ണാണ്ടസ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'എന്‍റെ മുത്തശ്ശിയുടെ നിശ്ചയദാര്‍ഢ്യവും ധൈര്യവും... അവരാണ് ഞങ്ങളുടെ പ്രചോദനം', എന്ന അടിക്കുറിപ്പോടെയാണ് ഡിംപിള്‍ വീഡിയോ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. 'നിങ്ങള്‍ യുവ തലമുറക്ക് പ്രചോദനമാണ്', 'സ്റ്റാര്‍ ഗ്രാനി' എന്നിങ്ങനെ ഭാരതിയെ പ്രശംസിച്ച് പലരും വീഡിയോയില്‍ കമന്‍റ് ചെയ്‌തിട്ടുണ്ട്.
എല്ലാ വര്‍ഷവും നടന്നുവരുന്ന മാരത്തണാണ് ടാറ്റ മുംബൈ മാരത്തണ്‍. കൊവിഡ് സാഹചര്യത്തില്‍ മാരത്തണ്‍ നടത്തിയിരുന്നില്ല. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ടാറ്റ മുംബൈ മാരത്തണ്‍ ഈ വര്‍ഷം സംഘടിപ്പിച്ചത്. കുട്ടികള്‍ അടക്കം പങ്കെടുത്ത മാരത്തണില്‍ യഥാര്‍ഥത്തില്‍ തിളങ്ങിയത് ഭാരതി ജിതേന്ദ്ര പഥക് ആണ്.