ന്യൂഡൽഹി: ന്യൂഡൽഹിയിലെ ദയാ ബസ്തി പ്രദേശത്തുള്ള കൂളർ അസംബ്ലിങ് ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്ക്. ഫാക്ടറിയിലെ യന്ത്രങ്ങൾ ഗ്യാസ് സിലിണ്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിൽ ഫാക്ടറി ഭാഗീകമായി തകർന്നു. ഒരു മണിക്കൂറിനുശേഷമാണ് തീ അണയ്ക്കാൻ ആയത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദയാ ബസ്തിയിൽ നൂറുകണക്കിന് ഫാക്ടറികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്‍റെ കാരണം കണ്ടെത്താൻ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ഫാക്ടറി ഉടമ ഒളിവിൽ പോയതായും റിപ്പോർട്ട് ഉണ്ട്.