ന്യൂഡല്‍ഹി: ഈജിപ്‌ത് പ്രസിഡന്‍റ് അബുള്‍ ഫത്താ അല്‍ സിസിയാണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി. മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് അബുള്‍ ഫത്ത അല്‍ സിസിക്ക് ഇന്ത്യയില്‍ ഉള്ളത്. കേവലം ഔപചാരികതകള്‍ക്കപ്പുറത്ത് തന്ത്രപരമായ പ്രാധാന്യം ഈ സന്ദര്‍ശനത്തിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈജിപ്‌തും ഇന്ത്യയും ഭൗമരാഷ്‌ട്രീയത്തില്‍ തന്ത്രപ്രധാനമായ രാജ്യങ്ങളാണെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ(ഒആര്‍എഫ്) വിദേശ പഠന വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റ് ഹര്‍ഷ് പന്ത് പറഞ്ഞു. ഭൗമസാമ്പത്തികവും(geo-economics) ഭൗമരാഷ്‌ട്രീയവുമായ(geo political) സമവാക്യങ്ങള്‍ ഇന്ത്യയേയും ഈജിപ്‌തിനെയും തമ്മില്‍ അടുപ്പിക്കുകയാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
21-ാം നൂറ്റാണ്ടിലെ ആവശ്യകതകള്‍ക്കനുസൃതമായി ഈജിപ്‌തുമായുള്ള ബന്ധം ഇന്ത്യ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഉഭയകക്ഷി ബന്ധം വളരെ ഗൗരവത്തോടെ ഇരു രാജ്യങ്ങളും കാണുന്നു എന്നുള്ളതിന്‍റെ സൂചനയാണ് ഈജിപ്‌ത് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം പ്രതീക്ഷയ്‌ക്ക് അനുസൃതമായി നിലവില്‍ ഉയര്‍ന്നിട്ടില്ല.
അല്‍ സിസിയുടെ സന്ദര്‍ശനം സാമ്പത്തിക ബന്ധത്തില്‍ ചടുലത കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള സമ്മര്‍ദങ്ങളില്‍ നിന്ന് സ്വതന്ത്രമാകാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. പരസ്‌പരം പഠിക്കാനും ഭൗമരാഷ്‌ട്രീയ താത്‌പര്യങ്ങള്‍ പരസ്‌പരം കണക്കിലെടുക്കാനും കഴിയുന്ന സമയത്താണ് അല്‍ സിസിയുടെ സന്ദര്‍ശനമെന്നും ഹര്‍ഷ് പന്ത് കൂട്ടിച്ചേര്‍ത്തു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടു: ഈജിപത് പ്രസിഡന്‍റിനെ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി ക്ഷണിച്ചത് കഴിഞ്ഞ ഒരു ദശാബ്‌ദ കാലത്തിനിടയില്‍ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തില്‍ കൈവരിച്ച വളര്‍ച്ചയ്‌ക്കുള്ള ഉദാഹരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഓഗസ്റ്റിൽ ഈജിപ്‌ത് സന്ദർശിച്ചിരുന്നു. അല്‍ സിസി 2015 ഒക്ടോബറിൽ ഇന്ത്യ-ആഫ്രിക്ക ഫോറത്തില്‍ പങ്കെടുക്കാനും 2016 സെപ്റ്റംബറിൽ ഉഭയകക്ഷി സന്ദർശനത്തിന്‍റെ ഭാഗമായും ഇന്ത്യയിൽ ഉണ്ടായിരുന്നു
2020ല്‍ ഇരു നേതാക്കളും ഫോണിൽ സംസാരിച്ചിരുന്നു. ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന G20 ഉച്ചകോടിയിൽ അതിഥി രാജ്യമായി ഈജിപ്‌തിനെ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഈജിപ്‌ത് സന്ദർശനം ഉൾപ്പെടെ മന്ത്രിതലത്തിൽ നിരവധി ആശയവിനിമയങ്ങൾ ഇരു രാജ്യങ്ങളും തമ്മില്‍ നടന്നിട്ടുണ്ട്.
പ്രതിരോധസഹകരണം വര്‍ധിക്കുന്നു: ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ സൈനിക സഹകരണമുണ്ട്. ഈജിപ്‌തിലെ ആദ്യത്തെ സംയുക്ത സൈനിക അഭ്യാസത്തിൽ ഇന്ത്യൻ വ്യോമസേന പങ്കെടുത്തു. ചേരിചേരാ സഖ്യത്തിന്‍റെ ഒരു ചരിത്ര പശ്ചാത്തലം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടെന്ന് ഹര്‍ഷ് പന്ത് വ്യക്തമാക്കുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കുറച്ച് വര്‍ഷങ്ങളില്‍ അനിശ്ചിതത്വവും ഉണ്ടായിരുന്നു. ഇന്ത്യയും ഈജിപ്‌തും ചേരിചേരാ പ്രസ്ഥാനത്തിന്‍റെ സ്ഥാപക അംഗങ്ങളായിരുന്നു.
ചരിത്രപരമായി തന്നെ ഇരു രാജ്യങ്ങളും വികസ്വര രാജ്യങ്ങളുടെ നായക സ്ഥാനം ഏറ്റെടുക്കുകയും ഭൗമരാഷ്‌ട്രീയത്തില്‍ വികസ്വരരാജ്യങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനായി നിലയുറപ്പിക്കുകയും ചെയ്‌തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ സംയുക്തസൈനിക അഭ്യാസമായ 'എക്‌സർസൈസ് സൈക്ലോൺ-I' ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ഉയര്‍ന്ന തലത്തില്‍ എത്തിച്ചിട്ടുണ്ട്. എക്‌സർസൈസ് സൈക്ലോൺ-I സംയുക്ത സൈനിക അഭ്യാസം രാജസ്ഥാനിലെ ജോധ്പൂരിൽ പുരോഗമിക്കുകയാണ്.
"ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം വളരെ വേഗത്തില്‍ വളരുകയാണ്. ഇന്ത്യയുമായി ശക്തമായ സാമ്പത്തിക പങ്കാളിത്തത്തിന് ഈജിപ്‌ത് ശ്രമിക്കുകയാണ്. തങ്ങളുടെ സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ വൈവിധ്യവത്‌ക്കരിക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മനസിലാക്കിയുമാണ് ഈജിപ്‌തിന് ഇത്തരമൊരു ലക്ഷ്യമുള്ളത്. പശ്ചിമേഷ്യന്‍ സുരക്ഷഘടനയില്‍ യുഎഇയോടൊപ്പം ഈജിപ്‌തിനേയും പ്രധാന രാജ്യമായി ഇന്ത്യ കാണുന്നു", ഹര്‍ഷ് പന്ത് പറഞ്ഞു.
ഈജിപ്‌ത് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തില്‍ പ്രതിരോധ സഹകരണം വര്‍ധിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള താത്‌പര്യം ഈജിപ്‌ത് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്‍റെ (എച്ച്എഎൽ) ഉദ്യോഗസ്ഥരുമായി ഈജിപ്‌ത് അധികൃതര്‍ ചര്‍ച്ചയിലാണ്.
കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്ക് ഈജിപ്‌തിന്‍റെ പിന്തുണ: ഈജിപ്‌ത് കശ്‌മീര്‍ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ദൃഢമായി. ഒഐസി പോലുള്ള ഫോറങ്ങളിൽ ഈജിപ്‌ത് ഒരിക്കലും പാകിസ്ഥാനെ പിന്തുണച്ചിട്ടില്ല. പാകിസ്ഥാന്‍ കശ്‌മീര്‍ വിഷയം ഒഐസിയില്‍ നിരന്തരം ഉന്നയിക്കുകയാണ്. സുരക്ഷ, തീവ്രവാദ വിരുദ്ധ സഹകരണം എന്നിവയിൽ ഇന്ത്യയും ഈജിപ്‌തും തമ്മിൽ ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പുണ്ട്. സംയുക്ത സമിതിയുടെ അടുത്ത യോഗം അടുത്ത മാസം നടക്കുകയാണ്.