ചണ്ഡീഗഡ്: പഞ്ച്കുള ഭൂമി കൈയ്യേറ്റ കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്തർ സിംഗ് ഹൂഡയ്‌ക്കും ബന്ധുക്കൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പഞ്ചകുള കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2016 ൽ കോൺഗ്രസ് ഭരണകാലത്ത് അനധികൃതമായി പഞ്ച്കുളയിൽ 14 വ്യാവസായിക പ്ലോട്ടുകൾ അനുവദിച്ചു എന്ന പേരിൽ ഹൂഡയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. എന്നാൽ ഈ 14 വ്യാവസായിക പ്ലോട്ടുകൾക്കുമെതിരെ 2019 ൽ ഇഡി കള്ളപ്പണം വെളിപ്പിക്കൽ നിയമ പ്രകാരം നടപടി സ്വീകരിച്ചിരുന്നു.
കേസിൽ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഡി.പി.എസ് നാഗൽ, ഹരിയാന നഗര വികസന അതോറിറ്റി ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ എസ് സി കൻസാൽ, ബി.ബി തനേജ എന്നിവർക്കെതിരെയും കുറ്റപത്രം ചുമത്തിയിട്ടുണ്ട് . 2016 ൽ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടാറിന്‍റെ നിർദേശപ്രകാരമാണ് വ്യാവസായിക പ്ലോട്ടുകൾ ഹൂഡയ്‌ക്കും ബന്ധുക്കൾക്കും അനുവദിച്ചതെന്ന് സിബിഐ കണ്ടെത്തി. ആദ്യം ഹരിയാന വിജിലൻസ് വിഭാഗം അന്വേഷിച്ച കേസ് 2015 ഇഡി ഏറ്റെടുക്കുകയായിരുന്നു.