ന്യൂഡല്‍ഹി: വഞ്ചന കേസുമായി ബന്ധപ്പെട്ട് ആദർശ് ഗ്രൂപ്പ് ഓഫ് കമ്പനികളുടേയും റിധി ഗ്രൂപ്പ് കമ്പനികളുടേയും 365.94 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ജപ്തി ചെയ്തു. അറ്റാച്ചുചെയ്ത സ്വത്തുക്കളിൽ രാജസ്ഥാൻ, ഹരിയാന, ന്യൂഡൽഹി എന്നിവിടങ്ങളിലെ സ്വത്തുക്കളും സ്ഥിര നിക്ഷേപവും ബാങ്ക് ബാലൻസും ഉൾപ്പെടുന്നു.
നിക്ഷേപകരോടുള്ള കൊടും വഞ്ചന
രാജസ്ഥാൻ പൊലീസിന്‍റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ആദർശ് ഗ്രൂപ്പ് ഡയറക്ടർമാരായ മുകേഷ് മോദി, രാഹുൽ മോദി, ആദർശ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഉദ്യോഗസ്ഥർ, മറ്റ് സ്വകാര്യ വ്യക്തികൾ എന്നിവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുമുണ്ട്.
Read Also……………….ബാങ്കുകളിൽ അടയ്ക്കാനുള്ള തുകയെക്കാൾ കൂടുതൽ ഇഡി കണ്ടുകെട്ടിയതായി ചോക്‌സിയുടെ അഭിഭാഷകൻ
മുകേഷ് മോദി ബന്ധുക്കളായ വീരേന്ദ്ര മോദി, രാഹുൽ മോദി, രോഹിത് മോദി, സൊസൈറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവര്‍ ആദര്‍ശ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ (എ.സി.എസ്.എല്‍) നിന്ന് നിക്ഷേപകരുടെ ഫണ്ട് തട്ടിപ്പ് ഇടപാടുകളിലൂടെ കവർന്നെടുക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ട്.
വഞ്ചനാപരമായ ഇടപാടുകള്‍ വഴി എ.സി.എസ്.എല്ലിൽ നിന്ന് അവരുടെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പണം തിരിച്ചുവിടാൻ മുകേഷ് മോദിയും ബന്ധുക്കളും കൂട്ടാളികളും നിരവധി കമ്പനികളെയും സ്ഥാപനങ്ങളെയും സംയോജിപ്പിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു. മുകേഷ് മോദിയുടെയും മറ്റുള്ളവരുടെയും പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും രണ്ട് ദശലക്ഷം വരുന്ന ജനങ്ങളുടെ നിക്ഷേപം നഷ്ടപ്പെടുത്തുകയും ചെയ്തതായും ഇഡി അധികൃതർ വ്യക്തമാക്കുന്നു.
നേരത്തെ ആറ് സംസ്ഥാനങ്ങളിലായി 1489.03 കോടി രൂപയുടെ സ്വത്ത് ഇഡി അറ്റാച്ചു ചെയ്തിരുന്നു. പ്രതികളായ 124 പേർക്കെതിരെ 2021 മാർച്ചിൽ ഇഡി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. 3830 കോടി രൂപയോളം പല നിക്ഷേപകരില്‍ നിന്നായി തട്ടിയെടുത്തതായി ഇഡി അവകാശപ്പെടുന്നു.