ക്വിറ്റോ: ഇക്വഡോറിലെ ജയിലിലുണ്ടായ കലാപത്തിൽ അഞ്ച് തടവുകാർ കൊല്ലപ്പെട്ടു. 18 തടവുകാരും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും അടക്കം 23 പേർക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ തുറമുഖ നഗരമായ ഗ്വയാക്വിലിലെ ജയിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പരസ്‌പരം ശത്രുതയുള്ള രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തടവുകാരുടെ കലാപങ്ങൾക്കും കൊലയ്‌ക്കും പേരുകേട്ട ജയിലാണ് ഇക്വഡോർ. നിരവധി തവണ കലാപങ്ങൾക്കും രക്തച്ചൊരിച്ചിലിനും ഇക്വഡോർ ജയിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ജയിൽ സംവിധാനം പിടിച്ചെടുക്കാൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മയക്കുമരുന്ന് സംഘങ്ങൾ തോക്ക് ഉപയോഗിച്ചിരുന്നതായി ഏജൻസി അറിയിച്ചു. സെൻട്രൽ നഗരമായ ലതാകുംഗയിൽ തിങ്കളാഴ്‌ച നടന്ന ഏറ്റുമുട്ടലിനുശേഷം ഈ ആഴ്‌ചയിലെ രണ്ടാമത്തെ ജയിൽ കലാപമാണിത്.
രണ്ട് കലാപങ്ങളിലായി മൊത്തം 16 തടവുകാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 2021 ഫെബ്രുവരി മുതൽ പലപ്പോഴായി ഇക്വഡോറിലെ വിവിധ ജയിലുകളിലായി ഉണ്ടായ കലാപങ്ങളിൽ 400ഓളം തടവുകാർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.