ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബംഗാളിലെ അടുത്തഘട്ട തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കണമെന്ന ആവശ്യം കമ്മിഷന്‍ തള്ളി. എല്ലാ പാർട്ടികളോടും കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാന്‍ ആവശ്യപ്പെട്ടു. പൊതുയോഗങ്ങൾ, റാലികൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ദേശീയ, സംസ്ഥാന പാർട്ടികൾക്കും കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് കമ്മിഷൻ കത്തെഴുതിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ അലസതയെയും, രാഷ്ട്രീയ നേതാക്കൾ സ്റ്റേജിൽ മാസ്ക് ധരിക്കാത്തതിനെയും കമ്മിഷൻ വിമര്‍ശിച്ചു.
എട്ട് ഘട്ടങ്ങളായി നടക്കുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചാമത്തേതിന്‍റെ പരസ്യപ്രചാരണം വ്യാഴാഴ്ച വൈകുന്നേരം 6 ന് സമാപിച്ചു. ശനിയാഴ്ചയാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്.
അതേസമയം ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,40,74,564 ആയി. ഇതില്‍ 14,71,877 എണ്ണം സജീവ കേസുകളാണ്.