ജയ്‌പൂര്‍: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. സംസ്ഥാനത്ത് മോദി മതത്തിന്‍റെ പേരില്‍ വോട്ട് തേടുകയാണെന്ന് ആരോപിച്ച ഗലോട്ട് അദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടു.
'നിയമം വായിക്കൂ... ആരെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മതത്തിന്‍റെ പേരിലോ മതാടിസ്ഥാനത്തിലോ സംസാരിച്ചാൽ നിരോധനം ഏർപ്പെടുത്തണം' -അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ബജ്‌റംഗ്‌ദളിനെ നിരോധിക്കുമോ എന്ന ചോദ്യത്തിന്, 'സംഘടനയുടെ പേര് എന്താണ് എന്നതല്ല കാര്യം, ആ സംഘടനയുടെ പങ്ക് എന്താണ് എന്നുള്ളതാണ് യഥാര്‍ഥ ചോദ്യം' -എന്നായിരുന്നു ഗലോട്ടിന്‍റെ മറുപടി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), ബജ്‌റംഗ്‌ദൾ തുടങ്ങിയ സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർണായക നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ഇറക്കിയ പ്രകടന പത്രികയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന ബജ്‌റംഗ്‌ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകൾക്കും വ്യക്തികള്‍ക്കും എതിരെ നിർണായകമായ നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കർണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും തുടച്ച് നീക്കുമെന്ന് ഭീഷണി പെടുത്തിയ സംഭവത്തിലും ഗലോട്ട് ആഞ്ഞടിച്ചു. തോൽവി ഭയമാണ് കർണാടകയിൽ ബിജെപിയെ അലട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയെ ധ്രുവീകരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നും പണപ്പെരുപ്പവും തൊഴിലില്ലായ്‌മയുമാണ് ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജനങ്ങളുടെ വികാരം താന്‍ മനസിലാക്കി എന്നും കർണാടകയിൽ ബിജെപി ഇല്ലാതാകുമെന്ന് ഉറപ്പാണെന്നും ഗലോട്ട് പിന്നീട് ട്വീറ്റ് ചെയ്‌തു.
ഗലോട്ടിനൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത രാജസ്ഥാന്‍ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാരയും ഖാർഗെയ്ക്കെതിരായ ഭീഷണിയിൽ ബിജെപിയെ വിമർശിച്ചു. ചിറ്റാപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മണികണ്‌ഠ് റാത്തോഡിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടുകൊണ്ട് കര്‍ണാടകയില്‍ പാര്‍ട്ടി ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല രംഗത്തുവന്നിരുന്നു. തന്‍റെ കയ്യില്‍ ഖാര്‍ഗെയുടെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നു എങ്കില്‍ ഖാര്‍ഗെയെയും ഭാര്യയെയും കുട്ടികളെയും തുടച്ച് നീക്കിയേനെ എന്നാണ് ഫോണില്‍ മണികണ്‌ഠ് പറയുന്നത്.
സംഭവത്തില്‍ പ്രതികരിച്ച് നിരവധി കേണ്‍ഗ്രസ് നേതാക്കളാണ് രംഗത്ത് വന്നത്. 'ഖർഗെ ജിയെയും കുടുംബത്തെയും കൊല്ലുന്നതിനെക്കുറിച്ച് ഫോണിൽ സംസാരിക്കുന്ന ബിജെപി നേതാവ് മണികണ്‌ഠ് റാത്തോഡ് പാർട്ടി ഉന്നത നേതൃത്വത്തിന്‍റെ നീലക്കണ്ണുള്ള കുട്ടിയാണ്. പ്രധാനമന്ത്രി പ്രതികരിക്കുമോ?' -കോൺഗ്രസ് നേതാവ് പവൻ ഖേര ട്വീറ്റ് ചെയ്‌തു. എന്നാല്‍ ഇത് വ്യാജ ഓഡിയോ ആണെന്ന് പറഞ്ഞ് മണികണ്‌ഠ് റാത്തോഡ് ആരോപണം നിരസിക്കുകയായിരുന്നു.
അതേസയമം കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മെയ് 10നാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 13ന് നടക്കും.