ദിസ്‌പൂർ: അസമിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് സൂപ്രണ്ടന്‍റ് സുശാന്ത ബിശ്വ ശർമ്മയെ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഏപ്രിൽ രണ്ടുമുതൽ 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ സഹോദരനെയും മാറ്റാൻ കമ്മിഷൻ ഉത്തരവിടുന്നത്. നിലവിൽ ഇദ്ദേഹത്തെ ഗോൾപാറ ജില്ലാ പൊലീസ് സൂപ്രണ്ടായി നിയമിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ സുശന്തയെ സംസ്ഥാന ആസ്ഥാനത്ത് അനുയോജ്യമായ തസ്‌തികകളിലേക്ക് മാറ്റിയേക്കും.
ബോഡോലാന്‍റ് പീപ്പിൾസ് ഫ്രണ്ട് മേധാവി ഹഗ്രാമ മൊഹിലാരിയെക്കുറിച്ച് ശർമ്മ നടത്തിയ പ്രസ്‌താവന പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് കമ്മിഷൻ കണ്ടെത്തിയതിനു പിന്നാലെയാണ് സ്ഥലം മാറ്റം. അതേസമയം കോൺഗ്രസ് നൽകിയ പരാതിയെത്തുടർന്നാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.