ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ക്ലേവ്: മന്‍ കി ബാത്ത്@100 പരിപാടിക്കിടെ ക്ഷണിക്കപ്പെട്ട 100 അതിഥികള്‍ക്കിടയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു കുഞ്ഞ് അതിഥി കൂടിയെത്തി. പരിപാടിയില്‍ പങ്കെടുക്കവേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ക്ഷണിതാക്കളിലൊരാളായ യുവതി. പരിപാടിയില്‍ പങ്കെടുത്ത 100 പ്രത്യേക ക്ഷണിതാക്കളിലൊരാളായ ഉത്തര്‍പ്രദേശ് സ്വദേശിനി പൂനം ദേവിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
പൂര്‍ണ ഗര്‍ഭിണിയായ പൂനം ദേവിയ്‌ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പ്രസവ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. നിര്‍ണായക ദിനത്തില്‍ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെ കൂടി സ്വീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പൂനം ദേവിയുടെ കുടുംബം പറഞ്ഞു.
വാഴത്തണ്ടില്‍ നിന്നും വിവിധ ഉത്‌പന്നങ്ങള്‍: ലഖിംപൂര്‍ ഖേരിക്ക് സമീപമുള്ള ഗ്രാമവാസിയാണ് പൂനം ദേവി. വാഴയുടെ തണ്ടില്‍ നിന്ന് വിവിധ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്ന സ്വയം സഹായക സംഘത്തിലെ അംഗമാണ് പൂനം ദേവി. വാഴത്തണ്ടില്‍ നിന്നുള്ള നാരുകള്‍ ഉപയോഗിച്ച് ഹാന്‍ഡ് ബാഗ്, പായകള്‍, മറ്റ് വസ്‌തുക്കള്‍ എന്നിവയാണ് നിര്‍മിക്കുന്നത്.
ഇത് സ്‌ത്രീകള്‍ക്ക് വരുമാനം മാത്രമല്ല ഗ്രാമത്തിലെ മാലിന്യങ്ങള്‍ കുറക്കുന്നതിനും സഹായകമാകുന്നു. ഗ്രാമത്തില്‍ നിരവധി പേര്‍ ഇത്തരത്തിലുള്ള സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളാണ്. അതേസമയം 'നാഷണൽ കോൺക്ലേവ്: മൻ കി ബാത്ത്@100' പരിപാടി ബിജെപി ദേശീയ വക്താവ് ജഗ്‌ദീപ് ധങ്കർ ഉദ്ഘാടനം ചെയ്‌തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. നാരീ ശക്തി (സ്ത്രീ ശക്തി), ജനകീയ പ്രസ്ഥാനങ്ങൾ, ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.