കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി തൃശൂര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സ്വകാര്യ ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഞായറാഴ്‌ച (04/06/2023) കേരളത്തിലെത്തിയ വേളയിലാണ് കത്തോലിക്ക സഭയിലെ മുതിർന്ന ബിഷപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്. കൊച്ചി നെടുമ്പാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച.
-
During my visit to Kochi met Archbishop of Thrissur Andrews Thazhath, Fr Renny Mundenkurian and Fr Alex Maprani. pic.twitter.com/bKODHdRsbG
— Amit Shah (@AmitShah) June 4, 2023 " class="align-text-top noRightClick twitterSection" data="
">During my visit to Kochi met Archbishop of Thrissur Andrews Thazhath, Fr Renny Mundenkurian and Fr Alex Maprani. pic.twitter.com/bKODHdRsbG
— Amit Shah (@AmitShah) June 4, 2023During my visit to Kochi met Archbishop of Thrissur Andrews Thazhath, Fr Renny Mundenkurian and Fr Alex Maprani. pic.twitter.com/bKODHdRsbG
— Amit Shah (@AmitShah) June 4, 2023
ആര്‍ച്ച് ബിഷപ്പിനൊപ്പം തൃശൂര്‍ ജൂബിലി മിഷന്‍ ഡയറക്‌ടര്‍ ഫാ. റെനി, ഫാ.അലക്‌സ് മാപ്രാണി എന്നിവരും ഉണ്ടായിരുന്നു. ബിഷപ്പിനെയും മറ്റ് വൈദികരെയും സന്ദർശിച്ച വിവരം അമിത് ഷാ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. “ഞാൻ കൊച്ചിയില്‍ എത്തിയപ്പോൾ തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ഫാ. റെന്നി മുണ്ടൻകുര്യൻ, ഫാ. അലക്‌സ് മാപ്രാണി എന്നിവരെ കണ്ടു,” ഫോട്ടോ സഹിതം ഷാ ട്വീറ്റ് ചെയ്‌തു.
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ കൂടിയാണ് ആർച്ച് ബിഷപ്പ്. അതേസമയം, കത്തോലിക്ക സഭയിലെ മുതിർന്ന ബിഷപ്പുമായുള്ള കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ വ്യക്തമല്ല. കൂടിക്കാഴ്‌ച അരമണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് ക്രൈസ്‌തവ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അടക്കം ചര്‍ച്ചയായെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം വിഷയത്തില്‍ സഭ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ കൃഷ്‌ണദാസ്, പാര്‍ട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേശന്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
ക്രിസ്‌തീയ പുരോഹിതന്മാരെ ബിജെപി നേതാക്കൾ സന്ദർശിക്കുന്നത് ആദ്യമല്ല. 2024ലെ ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ക്രിസ്‌തീയ സഭകളുമായി ബന്ധം സ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. നേരത്തെ പാർട്ടി സംസ്ഥാന നേതാക്കളും വിവിധ ക്രിസ്‌തീയ പുരോഹിതന്മാരെ വിവിധ ഘട്ടങ്ങളില്‍ സന്ദർശിച്ചിരുന്നു.
ക്രൈസ്‌തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി: വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നതുള്‍പ്പടെയുള്ള പരിപാടികള്‍ക്കായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്‌തവ മതമേലധ്യക്ഷന്മാരുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വെല്ലിംഗ്ടൺ ഐലൻഡിലെ താജ് വിവാന്ത ഹോട്ടലില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ റബ്ബർ വിലയിടിവും സംസ്ഥാനത്തിന് പുറത്ത് ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങളുമെല്ലാം ചർച്ചയായി.
സഭയുടെ ആശങ്കകൾ തനിക്കറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കുമെന്നും എല്ലാ മതസ്ഥർക്കും സംരക്ഷണം നൽകുമെന്നും കൂടിക്കാഴ്‌ചയില്‍ അറിയിച്ചിരുന്നു. സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചെന്നായിരുന്നു യോഗത്തിന് ശേഷം ബിഷപ്പുമാർ പ്രതികരിച്ചത്. എട്ട് ക്രിസ്‌ത്യൻ മത നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്‌ണൻ എന്നിവരും പങ്കെടുത്തിരുന്നു.
'ബിജെപി നേതാക്കളുടെ ഈസ്‌റ്റര്‍ ആശംസ ഇരട്ടത്താപ്പും പരിഹാസ്യവും': കേരളത്തിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ക്രൈസ്‌തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നും കര്‍ണാടകത്തില്‍ ബിജെപി മന്ത്രി മുനിരത്‌ന ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നെന്നും രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്‌തവരോട് കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ ബിഷപ്പ് ഹൗസുകളിലെത്തി ബിജെപി നേതാക്കൾ ഈസ്‌റ്റര്‍ ആശംസ നേരുന്നത് ക്രൈസ്‌തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണെന്ന് പറഞ്ഞ അദ്ദേഹം ലോകാരാധ്യയായ മദർ തെരേസയ്‌ക്ക് നൽകിയ ഭാരതരത്‌നം പോലും പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് ആർഎസ്എസ് ഇന്നും പിന്നോട്ട് പോയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ക്രിസ്‌തുമസ് ആരാധന പോലും തടസപ്പെടുത്തി നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളും വൈദികരും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും അക്രമിക്കപ്പെടുകയും ജയിലുകളിലുമാണെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.