അഹമ്മദാബാദ്: വ്യാജമദ്യ ദുരന്തമുണ്ടായ ബോട്ടാഡില്‍ വീണ്ടും അനധികൃത വ്യാജമദ്യവില്‍പ്പന. മായം കലര്‍ത്തിയ മദ്യം പ്രദേശത്ത് സുലഭമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം പൊലീസ് കണ്ടെത്തി.
അഹമ്മദാബാദ് നഗരത്തിലെ റാണിപ് പോലുള്ള സമ്പന്നര്‍ താസമിക്കുന്ന മേഖലകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ കൂടുതലുള്ളത്. ഇവിടെ ഡിസ്‌റ്റിലറി മാതൃകയില്‍ വില കുറഞ്ഞ മദ്യം നിര്‍മിക്കുന്നതായി പൊലീസ് കണ്ടെത്തി. ഇവിടെ ഉത്പാദിപ്പിക്കുന്ന മദ്യം കുറഞ്ഞ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്.
ഗോഡൗണിൽ നിന്ന് വിലകൂടിയ മദ്യകുപ്പികളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. സീൽ ചെയ്യാത്ത മദ്യവും കണ്ടെടുത്തു. വില കുറഞ്ഞ മദ്യം നിറയ്ക്കുന്നതിനായി ഇവര്‍ കുപ്പികള്‍ വാങ്ങി സൂക്ഷിച്ചിരുന്നതായും അധികൃതര്‍ കണ്ടെത്തി. ഇത്തരം കുപ്പികളില്‍ കളറും എസന്‍സും ചേര്‍ത്ത മദ്യം നിറച്ച് പ്രാദേശിക മാര്‍ക്കറ്റില്‍ വില്‍ക്കുന്നതാണ് രീതി. ആക്രി കച്ചവട സ്ഥാപനങ്ങള്‍ക്ക് മറിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
Also Read: ഗുജറാത്ത് മദ്യദുരന്തം: മരണം 36 ആയി, 14 പേർ പിടിയിൽ
ബോട്ടാഡ് ദുരന്തത്തിന്‍റെ കാരണം: അസ്‌ലലിയിലെ സ്വകാര്യ കെമിക്കൽ കമ്പനിയിലെ ഗോഡൗണിന്‍റെ ചുമതലയുള്ള ജയേഷ് എന്നായാൾ ഫാക്‌ടറിയിൽ നിന്ന് 600 ലിറ്റർ മെഥനോൾ മോഷ്‌ടിച്ച് ബർവാലയിലെ ചോക്‌ഡി ഗ്രാമത്തിൽ നിന്നുള്ള പിന്‍റു എന്നയാൾക്ക് 40,000 രൂപയ്‌ക്ക് വിറ്റു. ഈ രാസവസ്‌തു ഉപയോഗിച്ച് പിന്‍റുവാണ് മദ്യം നിർമിച്ചത്. നിർമിച്ച മദ്യം റോജിദ്, ചന്ദർവ, ദേവ്ഗ്ന തുടങ്ങിയ ഗ്രാമങ്ങളിൽ ഇയാൾ വിറ്റു.
ഇതുകൂടാതെ, അഹമ്മദാബാദിലെ ഗ്രാമപ്രദേശങ്ങളിലും ഈ മദ്യം ഇയാൾ വിതരണം ചെയ്തിരുന്നു. അതേസമയം അഹമ്മദാബാദിലെ ഗ്രാമ പ്രദേശങ്ങളിൽ നടത്തിയ മദ്യ വിൽപ്പന സംബന്ധിച്ചുള്ള അന്വേഷണത്തിനായി സംസ്ഥാന സർക്കാർ ഒരു പ്രത്യേക അന്വേഷണ സമിതിയേയും രൂപീകരിച്ചിട്ടുണ്ട്.
ബർവാലയിലെ സോജിദ് ഗ്രാമത്തിൽ നടന്ന അനധികൃത മദ്യ വിൽപ്പനയെക്കുറിച്ച് ഗ്രാമ സർപഞ്ച് മാർച്ചിൽ ലോക്കൽ പൊലീസിനെ രേഖാമൂലം പരാതി നല്‍കിയിരുന്നുവെന്നും, പരാതിയിൻ മേൽ പൊലീസ് നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് വഴിവെച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.
2 വർഷത്തിനിടെ പിടിച്ചെടുത്തത് 221 കോടിയുടെ മദ്യം: മദ്യത്തിന്‍റെ ഉത്‌പാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗുജറാത്തിൽ 221 കോടി രൂപയുടെ മദ്യമാണ് പിടികൂടിയത്. രണ്ട് വർഷത്തിനിടെ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഇടപാട് നടത്തിയ കേസുകളിൽ 4046 പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് ഗുജറാത്ത് സർക്കാർ ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്.