കൊത്തയിലെ രാജാവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ആരാധകര്‍. പ്രഖ്യാപനം മുതല്‍ ഹൈപ്പുകള്‍ ലഭിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യെ (King of Kotha) കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലര്‍ (King of Kotha trailer) റിലീസിനൊരുങ്ങുകയാണ്.
ട്രെയിലര്‍ റിലീസിനെ കുറിച്ചുള്ള അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലര്‍ ഉടനെത്തും എന്നാണ് താരം പങ്കുവച്ച പോസ്‌റ്റ് നല്‍കുന്ന സൂചന. ട്രെയിലര്‍ ലോഡിങ്ങിലാണെന്നും, അതിനായി നിങ്ങള്‍ റെഡിയാണോ എന്നുമാണ് ദുല്‍ഖര്‍ പങ്കുവച്ച വീഡിയോയിലുള്ളത്.
- " class="align-text-top noRightClick twitterSection" data="">
ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് ചിത്രം റിലീസിനെത്തുന്നത് (King of Kotha release). കേരളത്തില്‍ നൂറില്‍പരം സ്‌ക്രീനുകളിലാണ് 'കിംഗ് ഓഫ് കൊത്ത' പ്രദര്‍ശനത്തിനെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഈ പാന്‍ ഇന്ത്യന്‍ ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സീ സ്‌റ്റുഡിയോസും ദുല്‍ഖറിന്‍റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററും ടീസറും ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായമാണ് നേടിയത്.
അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. 'കിംഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാരാ' (Kalapakkaara) എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ 40-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടത്. 'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യ ഗാനം 'കലാപക്കാരാ'യുടെ ലിറിക്കല്‍ വീഡിയോ ആയിരുന്നു അത്.
ഗാന രംഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഗംഭീര നൃത്ത ചുവടുകളുമുണ്ട്. ഈ ഐറ്റം നമ്പറില്‍ ദുല്‍ഖറിനൊപ്പം തെന്നിന്ത്യന്‍ താരം റിതിക സിങ്ങും ചുവടുവച്ചിരുന്നു. മലയാളത്തിന് പുറമെ ഗാനത്തിന്‍റെ ഹിന്ദി, തമിഴ്, തെലുഗു എന്നീ പതിപ്പുകളും ഒരേസമയം പുറത്തിറങ്ങി.
തമിഴില്‍ 'കലാട്ടക്കാരന്‍', ഹിന്ദിയില്‍ 'ജല ജല ഹായ്', തെലുഗുവില്‍ 'ഹല്ലാ മച്ചാരെ' എന്നി പേരുകളിലാണ് ഗാനം റിലീസായത്. ശ്രേയ ഘോഷാല്‍, ജേക്ക്‌സ് ബിജോയ്, ബെന്നി ദയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പെപ്പി ഡാന്‍സ് നമ്പര്‍ ആലപിച്ചിരിക്കുന്നത്. ജോ പോളിന്‍റെ ഗാന രചനയില്‍ ജേക്ക്‌സ് ബിജോയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
'കലാപക്കാരാ'യ്‌ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഈ ഗാനത്തെ കുറിച്ച് ഗാന രംഗത്തില്‍ അഭിനയിച്ച റിതിക സിങ്ങും പ്രതികരിച്ചിരുന്നു. നല്ല അവസരങ്ങള്‍ വന്നാല്‍ താന്‍ തമിഴിലും ഡാന്‍സ് നമ്പറുകള്‍ ചെയ്യുമെന്നാണ് റിതിക പറഞ്ഞത്. തനിക്ക് മലയാള സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, മലയാളത്തില്‍ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടാവുന്നുണ്ടെന്നും റിതിക പറഞ്ഞു.
'തമിഴ് ഫാസ്‌റ്റ് നമ്പര്‍ ചെയ്യാന്‍ എനിക്ക് പറ്റും. നല്ലൊരു പാട്ട് വന്നാല്‍ ചെയ്യാന്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്‍റെ പ്രിന്‍സിപ്പിള്‍സുമായി ചേര്‍ന്ന് പോകുന്നത് ആണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്‌ടം. അത് അഞ്ച് മിനിറ്റ് ആണെങ്കിലും പ്രശ്‌നമില്ല, 20 മിനിറ്റ് ആണെങ്കിലും കുഴപ്പമില്ല. പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടു പോയാലും ആ കഥാപാത്രം കൂടെ ഉണ്ടാവണം' -ഇപ്രകാരമാണ് റിതിക സിങ് പറഞ്ഞത്.