മുംബൈ : വിമാനത്തിന്‍റെ കോക്‌പിറ്റിൽ പൈലറ്റിന്‍റെ പെൺ സുഹൃത്തിനെ പ്രവേശിപ്പിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണിന് കാരണം കാണിക്കൽ നോട്ടിസ് അയച്ച് ഡിജിസിഎ. ഫെബ്രുവരി 27 നായിരുന്നു ഡിജിസിഎയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പൈലറ്റ് തന്‍റെ പെൺസുഹൃത്തിനെ വിമാനത്തിന്‍റെ കോക്‌പിറ്റിൽ കയറ്റിയത്. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇത്തരത്തിലൊരു സുരക്ഷാവീഴ്‌ചയുണ്ടായത്.
ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ വിമാന സുരക്ഷാമേധാവി ഹെൻറി ഡോണോഹോയ്‌ക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. വനിത സുഹൃത്തിനെ കോക്‌പിറ്റിലേക്ക് പൈലറ്റ് പ്രവേശിപ്പിച്ചതിൽ വിമാനത്തിലെ ക്യാബിൻ ക്ര്യൂ അംഗം ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) പരാതി നൽകിയിരുന്നു. സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് സംഭവത്തെക്കുറിച്ച് യഥാസമയം ഡിജിസിഎയെ അറിയിക്കാത്തതിന് ഏപ്രിൽ 21ന് തന്നെ എയർ ഇന്ത്യ സിഇഒയ്ക്കും ഫ്ലൈറ്റ് സേഫ്റ്റി മേധാവിക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഞായറാഴ്‌ച പിടിഐ റിപ്പോർട്ട് ചെയ്‌തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ കാലതാമസമുണ്ടായി. കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാൻ രണ്ട് എക്‌സിക്യുട്ടീവുകൾക്കും 15 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എയർ ഇന്ത്യയിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 27 ന് നടന്ന സംഭവത്തിൽ മാർച്ച് മൂന്നിനാണ് രഹസ്യ തപാൽ വഴി കാംപ്ബെല്ലിനും ഡോനോഹോയ്ക്കും റിപ്പോർട്ട് ലഭിക്കുന്നത്. സംഭവത്തിൽ ഏപ്രിൽ 21 ന് ഡിജിസിഎ ആദ്യ അന്വേഷണം നടത്തിയിരുന്നെങ്കിലും എയർ ഇന്ത്യ അതിന് മുമ്പ് ഒരു അന്വേഷണവും നടത്തിയിരുന്നില്ല.
അന്വേഷണം പൂർത്തിയാകുന്നതുവരെ ദുബായ്-ഡൽഹി വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും അവധിയിൽ പ്രവേശിപ്പിക്കണമെന്ന് ഈ മാസം ആദ്യം എയർ ഇന്ത്യയോട് ഡിജിസിഎ നിർദേശിച്ചിരുന്നു. ഏപ്രിൽ 21 ന്, റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
ALSO READ: വിമാനത്തിന്‍റെ കോക്ക്‌പിറ്റില്‍ പൈലറ്റിന്‍റെ പെണ്‍സുഹൃത്ത് ; അന്വേഷണം ആരംഭിച്ച് എയര്‍ ഇന്ത്യ
അനുമതിയില്ലാതെ ആളുകൾക്ക് കോക്‌പിറ്റിൽ പ്രവേശിക്കാൻ അനുവാദമില്ല. അത്തരം പ്രവേശനം മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഈ വർഷമാദ്യം എയർ ഇന്ത്യയുടെ അന്താരാഷ്‌ട്ര വിമാനങ്ങളിൽ സഹയാത്രികര്‍ക്ക് നേരെ മൂത്രമൊഴിച്ചതായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിന് 30 ലക്ഷം രൂപയും 10 ലക്ഷം രൂപയും ഡിജിസിഎ പിഴ ചുമത്തിയിരുന്നു.
ALSO READ : വിമാനത്തില്‍ സ്‌ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്‌ക്ക് മുപ്പത് ലക്ഷം പിഴ