ഹൈദരാബാദ്: ദുബായ് വിമാനത്താവളത്തില്‍ നിന്ന് ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനം 13 മണിക്കൂറുകള്‍ക്ക് ശേഷം ദുബൈയില്‍ തിരിച്ചിറക്കി. കനത്ത മഴയില്‍ ഓക്‌ലന്‍ഡിലെ വിമാനത്താവളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ജനുവരി 27ന് പറന്നുയര്‍ന്ന ഇ.കെ 448 വിമാനമാണ് തിരിച്ചിറക്കിയത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഓക്‌ലന്‍ഡ് വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്നാണ് 9000 മൈല്‍ പിന്നിട്ട വിമാനം തിരിച്ചിറക്കിയത്. എമിറേറ്റ്‌സിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസുകളില്‍ ഒന്നാണിത്. 14,600 കിലോമീറ്റര്‍ അകലെയുള്ള ഓക്‌ലന്‍ഡിലെത്താന്‍ 16 മണിക്കൂര്‍ യാത്ര ചെയ്യണം.
''കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഓക്‌ലന്‍ഡ് വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇത് അങ്ങേയറ്റം നിരാശാജനകമാണ് എന്നിരുന്നാലും യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി''. വിമാനത്താവളത്തില്‍ വെള്ളക്കെട്ടിലൂടെ നടക്കുന്ന യാത്രികരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
കനത്ത മഴയെ തുടര്‍ന്ന് ഓക്‌ലൻഡിലെ നോർത്ത് ഷോറിൽ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഓക്‌ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച മേഖലയില്‍ 249 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മഴയെ തുടര്‍ന്ന് സംസ്ഥാന പാത അടച്ചിട്ടു. ദുരന്ത മേഖലയിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.