ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പരിപാടിയുടെ രണ്ട് ദിവസത്തെ ഡ്രൈ റൺ ഇന്ന് ആരംഭിക്കും. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. വാക്സിൻ വിതരണം നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ കോ-വിനിന് ആവശ്യമായ വിവരങ്ങൾ, ടെസ്റ്റിംഗ് ലഭ്യത, ടീം അംഗങ്ങളെ വിന്യസിക്കൽ, സെഷൻ സൈറ്റുകളുടെ മോക്ക് ഡ്രിൽ എന്നിവ ഡ്രൈ റണിൽ ഉൾപ്പെടുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരോ സംസ്ഥാനങ്ങളിലെയും രണ്ട് ജില്ലകളിലാകും ഡ്രൈ റൺ നടത്തുക. ആസൂത്രണം, നടപ്പാക്കൽ, മറ്റ് സംവിധാനങ്ങളുടെ വിലയിരുത്തൽ, പ്രക്രിയയിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ എന്നിവ തിരിച്ചറിയുന്നതിനാണ് നടപടി. രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് ഉണ്ടായേക്കാവുന്ന വിപരീത ഫലങ്ങൾ കണ്ടെത്തുകയാണ് ഡ്രൈ റണ്ണിന്‍റെ പ്രധാന ലക്ഷ്യം. ഡ്രൈ റണ്ണിനാവശ്യമായ വിശദമായ ചെക്ക്‌ലിസ്റ്റ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കി നാല് സംസ്ഥാനങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്.
ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മൂന്ന് തദ്ദേശീയ വാക്സിനുകൾ ഉൾപ്പെടെയുള്ള എട്ട് കൊവിഡ് വാക്സിൻ കാൻഡിഡേറ്റുകൾ ഇന്ത്യയിലുണ്ട്. രാജ്യത്തുടനീളം കൊവിഡ് വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. വാക്സിനേഷൻ പ്രക്രിയയിൽ വാക്സിൻ അഡ്മിനിസ്ട്രേറ്റർമാർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ, വാക്സിൻ നൽകുന്നവർക്കുള്ള പരിശീലനവും വിവിധ സംസ്ഥാനങ്ങളിലായി നടന്നുവരികയാണ്.
മെഡിക്കൽ ഓഫീസർമാർ, വാക്സിനേറ്റർമാർ, കോൾഡ് സ്റ്റോറേജ് സംവിധാനം കൈകാര്യം ചെയ്യുന്നവർ, സൂപ്പർവൈസർമാർ, ഡാറ്റാ മാനേജർമാർ, ആശ എന്നിവരുൾപ്പെടെ വിവിധ വിഭാഗത്തിലുള്ള വാക്സിൻ അഡ്മിനിസ്ട്രേറ്റർമാർക്ക് വിശദമായ പരിശീലന മൊഡ്യൂളുകൾ വികസിപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ഇതുവരെ 2,360ലധികം പേർക്ക് പരിശീലനം നൽകി. ഇതിൽ സംസ്ഥാന രോഗപ്രതിരോധ ഉദ്യോഗസ്ഥർ, കോൾഡ് ചെയിൻ ഓഫീസർമാർ, ഐഇസി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്നു.