പൂനെ(മഹാരാഷ്‌ട്ര): പൂനെയില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ കമ്പനി ഓഫിസിന് നേരെ വ്യാജ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഹൈദരാബാദ് സ്വദേശിയായ പന്യം ബാബു ശിവാനന്ദനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ്. കൊറിഗാവോണ്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന് നേരെ വ്യാജ ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംശയാസ്‌പദമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് തുടരന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
രാവിലെ 7.54ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ പ്രതി, താന്‍ കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഓഫിസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബദ്ര കുര്‍ള കോംപ്ലക്‌സ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനിയ്‌ക്ക് ലഭിച്ചത് വ്യാജ ഫോണ്‍ കോളാണെന്ന് മുംബൈ പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഗുഗിളിന്‍റെ പ്രതിനിധിയായ ദിലീപ് താംബെ ബികെസി പൊലീസ് സ്‌റ്റേഷനില്‍ വ്യാജ ഫോണ്‍ കോളിനെതിരെ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയ്‌ക്കെതിരെ ഐപിസിയിലെ 505(1)(ബി), 506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബികെസി പൊലീസ് ഹൈദരാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.