അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത്, അന്താരാഷ്‌ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നാവികസേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹാഷിഷ്, മെതാംഫെറ്റാമിൻ, ഹെറോയിൻ എന്നിവയുൾപ്പെടെ 760 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തത്.
529 കിലോഗ്രാം ഉയർന്ന നിലവാരമുള്ള ഹാഷിഷ്, 234 കിലോഗ്രാം മികച്ച നിലവാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തതെന്ന് മയക്കുമരുന്ന് വിരുദ്ധ ഏജൻസി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഉൾക്കടലിൽ ഇത്തരമൊരു ഓപ്പറേഷൻ ആദ്യമായാണെന്ന് പ്രസ്‌താവനയിൽ പറയുന്നു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാവിക സേനയുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവ പിടികൂടിയത്. ഒന്നിലധികം ബാഗുകളിൽ നിറച്ച നിലയിലായിരുന്നു. പിടികൂടിയ മയക്കുമരുന്ന് പോർബന്തർ തീരത്ത് എത്തിച്ചു.