ബെംഗളൂരു: പാചക പ്രഷർ കുക്കറിൽ സിന്തറ്റിക് മയക്കുമരുന്ന് ഉണ്ടാക്കി ഇന്ത്യയിലും വിദേശത്തും വിൽപന നടത്തിയിരുന്ന വിദേശ പൗരൻ ബെംഗളൂരുവില്‍ പിടിയിലായി. നൈജീരിയൻ സ്വദേശി ബെഞ്ചമിൻ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ, അതിന്‍റെ നിർമാണത്തിനുപയോഗിച്ച രാസവസ്‌തുക്കൾ, കെമിക്കൽ ആസിഡ് ഉൾപ്പെടെയുള്ള വസ്‌തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു.
ബെംഗളൂരു ആവലഹള്ളിയിലെ വീട്ടിൽ അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ച് പ്രഷർ കുക്കറിൽ സിന്തറ്റിക് മരുന്ന് തയ്യാറാക്കി സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ഉപഭോക്താക്കൾക്കും മയക്കുമരുന്ന് വിതരണക്കാർക്കും വിൽക്കുകയായിരുന്നു. രാമമൂർത്തി നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് വിൽപന നടത്തി 100 ഗ്രാം എംഡിഎംഎയുമായി ഇയാളെ ആദ്യം അറസ്റ്റ് ചെയ്‌തിരുന്നും എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ആവളഹള്ളിയിലെ വീട്ടിൽ ഇയാൾ ചെറിയ മരുന്ന് ഫാക്‌ടറി നടത്തുന്നുണ്ടെന്ന് സിസിബിയുടെ നാർക്കോട്ടിക് സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കു വ്യക്തമായത്.
പ്രതിയുടെ വിസ കാലാവധി 2022-ൽ അവസാനിച്ചിരുന്നു. എന്നാൽ 2021-ൽ നഗരത്തിൽ വസ്‌ത്ര വ്യാപാരം തുടങ്ങുന്നതിനായി ബെംഗളൂരുവിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. നേരത്തെ ഹൈദരാബാദിൽ വച്ചാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.