ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി രാകുല്‍ പ്രീത് സിംഗ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്‍പാകെ ഹാജരായി. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥ്, നടി ചാര്‍മി എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ടോളിവുഡിലെ 12 പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രമുഖര്‍ക്ക് നോട്ടീസ്
തെന്നിന്ത്യൻ നടൻ റാണാ ദഗുബാട്ടി, തെലുങ്ക് നടൻ രവി തേജ തുടങ്ങിയവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന്‍റെ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് താരങ്ങളോട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
2017ല്‍ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നാസ മുന്‍ ജീവനക്കാരനായ അമേരിക്കന്‍ പൗരന്‍ ഉള്‍പ്പെടെ 20 ഓളം പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് തെലുങ്ക് ചലചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ പുറത്ത് വന്നത്.
അന്വേഷണിച്ച് എസ്‌ഐടിയും
നേരത്തെ തെലങ്കാന പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) തെലുങ്ക് ചലചിത്ര മേഖലയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ 11 ഓളം പേരെയാണ് സംഘം ചോദ്യം ചെയ്‌തത്. ഇവര്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു അന്വേഷണം.
പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌ത ടോളിവുഡ് താരങ്ങളെയാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാകുല്‍ പ്രീതിനെ എസ്‌ഐടി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലും രാകുല്‍ പ്രീത് സിംഗിനെ നാര്‍ക്കോട്ടിക്‌സ് കൺട്രോള്‍ ബ്യൂറോ ചോദ്യം ചെയ്‌തിരുന്നു.
Read more: കള്ളപ്പണം വെളുപ്പിക്കൽ; തെന്നിന്ത്യൻ താരങ്ങള്‍ക്ക് ഇഡിയുടെ സമൻസ്