ബെംഗളൂരു: ബെംഗളൂരുവിലെ ജെപി നഗറിൽ മയക്കു മരുന്ന് വേട്ട. അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരൻ ഡോസോ ഖലീഫ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുഹമ്മദ് മുസമ്മിൽ, സയ്യിദ് ഷോയ്ബുദ്ദീൻ, മയക്കുമരുന്ന് വിതരണക്കാരനായ രവികുമാർ, ഫുട്ബോൾ കളിക്കാരൻ ഡോസോ ഖലീഫ എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടൽ മുറി ബുക്ക് ചെയ്‌ത് സംഘം മയക്കുമരുന്ന് ഉപയോഗിക്കവെയാണ് പൊലീസ് പിടിയിലായത്. സംഘത്തിൽ നിന്ന് 14.84 ഗ്രാം കൊക്കെയ്‌നും 15 ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. ആറ് മൊബൈൽ ഫോണുകൾ, 96,000 രൂപ, ഒരു ബിഎംഡബ്ല്യു കാർ, ഒരു ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
മുഹമ്മദ് മുസമ്മിൽ കഴിഞ്ഞ നാല് വർഷമായി ശ്രീലങ്കയിലെ ടൂറിസ്റ്റ് ഏജൻസിയിൽ ജോലി ചെയ്‌തു വരികയാണ്. മയക്കുമരുന്ന് വിതരണക്കാരനായ രവികുമാർ കൊളംബോയിൽ മയക്കുമരുന്ന് പാർട്ടി നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഡോസോ ഖലീഫ 2015 ൽ സ്പോർട്‌സ് വിസയിൽ രാജ്യത്ത് എത്തിയതാണ്. വിസ കാലഹരണപ്പെട്ടെങ്കിലും ഖലീഫ ഇപ്പോഴും മയക്കുമരുന്ന് ഇടപാടുമായി രാജ്യത്ത് തന്നെയുണ്ടെന്നും പൊലീസ് പറഞ്ഞു.