ഗുവാഹത്തി : അഴിമതിക്ക് കൂട്ടുനിൽക്കാതെ 12 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടാൻ സഹായിച്ച ഹോം ഗാർഡിനെ പൊലീസ് സേനയില്‍ നിയമിച്ച് അസം സർക്കാർ. 35കാരനായ ബോർസിങ് ബേയ്ക്ക് പൊലീസില്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. ഗുവാഹത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ, കോൺസ്റ്റബിളായുള്ള നിയമന ഉത്തരവ് കൈമാറി.
ബോർസിങ് ബേയുടെ സമയോചിത ഇടപെടലില്‍ കർബി ആൻഗ്രോങ്ങിൽ വന്‍ മയക്കുമരുന്ന് വേട്ടയാണ് നടന്നത്. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ബസിൽ നിന്ന് 12 കോടി വിലമതിക്കുന്ന ലഹരിവസ്തു ഇദ്ദേഹം പിടിച്ചെടുക്കുകയായിരുന്നു.
ALSO READ: പഞ്ചാബിന് പിറകെ അസം കോൺഗ്രസിലും ഭിന്നത; പ്രശ്ന പരിഹാരത്തിനായി എഐസിസി
രാത്രികാല ബസിലായിരുന്നു സംഭവം. മയക്കുമരുന്ന് കച്ചവടക്കാർ നല്ലൊരു തുക വാഗ്‌ദാനം ചെയ്‌തെങ്കിലും അതിന് വഴിപ്പെടാതെ ലഹരിവസ്തു പിടിച്ചെടുക്കുകയായിരുന്നു ഇദ്ദേഹം.
2002 മുതൽ ഹോം ഗാർഡായി ജോലി ചെയ്യുകയായിരുന്നു ബോർസിങ് ബേ. പൊലീസ് സേനയിലേക്ക് നിയമനം ലഭിച്ചതിൽ അസം പൊലീസിനും മുഖ്യമന്ത്രിക്കും ബോർസിങ് നന്ദി അറിയിച്ചു.