പട്‌ന : എടിഎമ്മുകളില്‍ നിക്ഷേപിക്കാനായി വാനില്‍ കൊണ്ടുപോവുകയായിരുന്ന ഒന്നര കോടി രൂപയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞു. ജിപിഎസ് മുന്‍നിര്‍ത്തി ജില്ല പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാന്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പക്ഷേ ഡ്രൈവര്‍ സൂരജ് കുമാറിനെ കാണ്മാനില്ലായിരുന്നു. വാനില്‍ ഉണ്ടായിരുന്ന ഒന്നര കോടി രൂപയടങ്ങിയ പെട്ടിയുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഐസിഐസി ബാങ്കിന്‍റെ പണമാണ് നഷ്‌ടപ്പെട്ടിരിക്കുന്നത്.
കസ്റ്റോഡിയന്‍ അംരേഷ് കുമാര്‍ സിങ്, കാഷ്യര്‍മാരായ സോനു കുമാര്‍, ദിലീപ് കുമാര്‍, ഗണ്‍മാന്‍ സുഭാഷ് യാദവ്, ഡ്രൈവര്‍ സൂരജ് കുമാര്‍ എന്നിവരാണ് ഡെപ്പോസിറ്റ് മെഷീനുകളിലെ പണം ശേഖരിക്കാനും എടിഎം കൗണ്ടറുകളില്‍ നിക്ഷേപിക്കാനുമായി പോയത്. ഡങ്ക ഇംലി ചൗക്കിലെത്തിയപ്പോള്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായി. അതിനാല്‍ സൂരജ് കുമാര്‍ വാന്‍ ദൂരെ മാറ്റി പാര്‍ക്ക് ചെയ്‌തു.
സൂരജ് കുമാറിനോട് പണം സൂക്ഷിക്കാന്‍ പറഞ്ഞ് വാനില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ബാങ്കിലേക്ക് പോയി. ഈ സമയത്താണ് ഇയാള്‍ വാനുമായി കടന്നുകളഞ്ഞത്. ബാങ്കിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ വാന്‍ കണ്ടില്ല. തുടര്‍ന്ന് ജീവനക്കാര്‍ സൂരജ് കുമാറിനെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ പ്രതികരിച്ചില്ല.
ഒടുവിൽ ബാങ്ക് ഉദ്യോഗസ്ഥര്‍ വിവരം, പട്‌ന പൊലീസിനെയും എജിഎസ് സെക്യൂരിറ്റി സർവീസ് ഏജൻസിയുടെ ഉദ്യോഗസ്ഥരെയും അറിയിച്ചു. ജിപിഎസ് ട്രാക്ക് ചെയ്‌ത് അന്വേഷിച്ചപ്പോഴാണ് വാന്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വാന്‍ പാര്‍ക്ക് ചെയ്‌തിരുന്ന സ്ഥലത്തെയും ഉപേക്ഷിച്ച ഇടത്തെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിരലടയാളം അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചാണ് വിശദമായ അന്വേഷണം നടത്തുക എന്ന് പട്‌ന പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ആലംഗഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിന്‍മേല്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കവർച്ചയുടെ സൂത്രധാരൻ സൂരജ് കുമാർ തന്നെയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മറ്റാരെങ്കിലും തോക്ക് ചൂണ്ടി ഇയാളെ തട്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ജെഹാനാബാദ് സ്വദേശിയാണ് സൂരജ്. തിങ്കളാഴ്‌ചയാണ് കേസിന് ആസ്‌പദമായ സംഭവം.