റാഞ്ചി: ജാർഖണ്ഡിൽ നിർത്തിയിട്ട ബസിന് തീപിടിച്ച് ഡ്രൈവറും സഹായിയും വെന്തുമരിച്ചു. റാഞ്ചി ലോവർ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖഡ്‌ഗരഹ ബസ് സ്റ്റാൻഡിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ദീപാവലിയോടനുബന്ധിച്ച് പ്രാർഥനയുടെ ഭാഗമായി ബസിൽ കത്തിച്ച വിളക്കിൽ നിന്നാണ് തീ പടർന്നത്. സംഭവ സമയത്ത് ഇരുവരും ഉറക്കത്തിലായിരുന്നു.
ബസിനുള്ളിൽ സ്ഥാപിച്ചിരുന്ന വിഗ്രഹങ്ങൾക്ക് മുന്നിൽ കൊളുത്തിയ മണ്‍വിളക്കിൽ നിന്നാണ് തീ പടർന്നുപിടിച്ചത്. പ്രാർഥനയ്‌ക്ക് ശേഷം വിളക്ക് അണയ്‌ക്കാതെ ഇരുവരും ബസിനുള്ളിൽ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നാലെ വിളക്കിൽ നിന്ന് തീ ബസിനുള്ളിൽ പടരുകയായിരുന്നു. മിനിട്ടുകൾക്കുള്ളിൽ തന്നെ ബസ് പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിൽ മറ്റൊരു ബസും കത്തി നശിച്ചിട്ടുണ്ട്.