ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും ബിജെപി മുഖ്യമന്ത്രിമാരും ഭരണപക്ഷ നേതാക്കളും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ ദ്രൗപതി മുർമുവിന്‍റെ നാമനിർദേശ പത്രികയിൽ ഒപ്പുവച്ചു. നാല് സെറ്റ് നാമനിർദേശ പത്രികകൾ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി മോഡിക്ക് മുമ്പാകെ സമർപ്പിച്ചു.
ഒപ്പുവച്ചവർ: ആദ്യ സെറ്റിൽ പ്രധാനമന്ത്രി മോദിയാണ് പേര് നിർദേശിച്ചുകൊണ്ട് ഒപ്പുവച്ചത്. പിന്നാലെ രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവരും മുർമുവിന്‍റെ പേര് നിർദേശിച്ചു. രണ്ടാമത്തെ സെറ്റിലാണ് നദ്ദ നാമനിർദേശം ചെയ്‌തത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ എന്നിവർ മൂന്നാമത്തെ സെറ്റിലും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നാലാമത്തെ സെറ്റിലും ഒപ്പുവച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും ഒപ്പുവച്ചിട്ടുണ്ട്.
പിന്തുണച്ച് കൂടുതൽ നേതാക്കൾ: എൻഡിഎ ഘടകകക്ഷികളുടെ നേതാക്കളും ദ്രൗപതി മുർമുവിന് പിന്തുണയുമായെത്തി. ജെഡിയു നേതാവ് രാജീവ് രഞ്ജൻ സിങ്, അപ്‌നാ ദൾ നേതാവ് അനുർപിയ പട്ടേൽ, എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ എന്നിവരും നാമനിർദേശ പത്രികയിൽ ഒപ്പുവച്ചു.
ഒഡിഷ സർക്കാരിലെ ബിജെഡി നേതാക്കളും മന്ത്രിമാരുമായ ജഗന്നാഥ് സരക, തുക്കുനി സാഹു, വൈഎസ്ആർ കോൺഗ്രസ് നേതാക്കളായ വിജയസായി റെഡ്ഡി, മിഥുൻ റെഡ്ഡി, എഐഎഡിഎംകെ നേതാവ് ഒ പനീർശെൽവവും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം ആദിവാസി, വനിതാ പ്രതിനിധികളും കേന്ദ്രമന്ത്രിമാരും ദ്രൗപതി മുർമുവിന്‍റെ നാമനിർദേശ പത്രികയിൽ ഒപ്പുവച്ചു.
ജൂലൈ 18നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്.