കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗതാഗത മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു അധികാരിയുമായി ചർച്ചക്ക് ഇപ്പോഴും തയ്യാറെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗാത റോയ് പറഞ്ഞു. പാർട്ടി നേതൃത്വം ചർച്ചക്ക് മുന്‍കൈയെടുത്തതായും അദ്ദേഹം അറിയിച്ചു. സുവേന്ദുമായുള്ള ചർച്ചകൾക്കായി ഇപ്പോഴും വാതിലുകൾ തുറന്നിരിക്കുകയാണെന്നും പാർട്ടിയിലെ ജനപ്രിയ നേതാവിനെ നിലനിർത്തുന്നതിന് ഈ ചര്‍ച്ച ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സുവേന്ദുവിന്‍റെ അമ്മയ്ക്ക് സുഖമില്ല, അതിനാൽ ചര്‍ച്ച നടത്താന്‍ അവര്‍ സുഖം പ്രാപിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും റോയ് വ്യക്തമാക്കി.
മമത സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് മുതിര്‍ന്ന നേതാവും മന്ത്രിയുമായ സുവേന്ദു അധികാരി രാജിവച്ചത്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അധികാരിയുടെ രാജി. സര്‍ക്കാരിലെ ഗതാഗത, ജലസേചനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു സുവേന്ദു അധികാരി. നിയമസഭയില്‍ നിന്ന് രാജിവെക്കാത്തതിനാല്‍ അദ്ദേഹം എം.എല്‍.എയായി തുടരും. പാര്‍ട്ടിവിടുന്നതിന്‍റെ ഭാഗമായാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ടി പരിപാടികളിലോ യോഗങ്ങളിലോ അദ്ദേേഹം പങ്കെടുത്തിരുന്നില്ല. സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.