ന്യൂഡൽഹി: അപകടകരമായ നിലയിലുള്ള വായു മലിനീകരണം മൂലം ബുദ്ധിമുട്ടുകയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയും പരിസര പ്രദേശങ്ങളും. ശ്വസിക്കാൻ ബുദ്ധിമുട്ട്, തലവേദന, കണ്ണെരിച്ചില്‍, തൊണ്ട വേദന, മൂക്കടപ്പ് തുടങ്ങി നിരവധിയായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്ന നിലയാണ്. ഡൽഹി-എൻസിആറിലെ വായുവിന്‍റെ ഗുണനിലവാരം ഗുരുതരമായ അവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിൽ മനുഷ്യ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഡോക്‌ടർമാരും ആരോഗ്യ വിദഗ്‌ധരും മുന്നറിയിപ്പ് നൽകുകയാണ്.
ഇതിനിടെ മറ്റൊരു പ്രസക്തമായ ചോദ്യവും ഉയർന്നുവരുന്നുണ്ട്. ഡൽഹിയിലെ ഉയർന്നുവരുന്ന ഈ വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ എന്നാണ് പലരും ചോദിക്കുന്നത്. വിവിധതരം ക്യാൻസറുകളും വായു മലിനീകരണവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്നാണ് ഡൽഹി എയിംസിലെ മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. പിയൂഷ് രഞ്ജൻ (Dr Piyush Ranjan) പറയുന്നത്.
ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതിന് പുറമെ, ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം, സന്ധിവാതം തുടങ്ങിയ കൊറോണറി ആർട്ടറി രോഗങ്ങളുമായി വായു മലിനീകരണത്തിന് നേരിട്ടുള്ള ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു. വായു മലിനീകരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നതിനു പുറമേ ശരീരത്തിന്‍റെ വിവിധ സംവിധാനങ്ങളെ ബാധിക്കുമെന്ന കാര്യം മനസിലാക്കേണ്ടത് പ്രധാനമാണെന്ന് ഡോക്‌ടർ പറഞ്ഞു. ഇതിനെല്ലാം ശാസ്‌ത്രീയമായ തെളിവുകളുടെ പിൻബലമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗർഭസ്ഥ ശിശുവിനും വായു മലിനീകരണം ദോഷം ചെയ്യും : ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോൾ തന്നെ വായു മലിനീകരണം ഗർഭസ്ഥ ശിശുവിന് ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഗർഭസ്ഥ ശിശുവിന് വായു മലിനീകരണം വലിയ ദോഷമാണ് വരുത്തുക എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഡോക്‌ടർമാർ പറയുന്നതനുസരിച്ച്, വായു മലിനീകരണം തലച്ചോറിനെയും ഹൃദയത്തെയും തകരാറിലാക്കും. മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഇത് വലിയ ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിച്ചേക്കാമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ഡൽഹിയിലെ വായു ഗുണനിലവാരം തുടർച്ചയായ നാലാം ദിവസവും 'ഗുരുതര' വിഭാഗത്തിൽ തുടരുകയാണ്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (SAFAR-ഇന്ത്യ) പ്രകാരം ശനിയാഴ്‌ച വായു ഗുണനിലവാര സൂചികയിൽ (എക്യുഐ Air Quality Index- AQI) 504ൽ നിന്നും 410 ആയി നേരിയ ഇടിവ് രേഖപ്പെടുത്തി.
സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച്- ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോധി റോഡ് ഏരിയയിലെ വായുവിന്‍റെ ഗുണനിലവാരം 385 (വളരെ മോശം) ആയാണ് രേഖപ്പെടുത്തിയത്. ഡൽഹി യൂണിവേഴ്‌സിറ്റി ഏരിയയിൽ ഇത് 456 (ഗുരുതരം) ആണ്. ഡോക്‌ടർമാരുടെ അഭിപ്രായ പ്രകാരം ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും വേണ്ടുന്ന ആവശ്യമായ വായുവിന്‍റെ ഗുണനിലവാരം എന്നത് 50-ൽ താഴെ ആണ്.
എന്നാൽ നിലവിൽ ഇവിടുത്തെ വായുവിന്‍റെ ഗുണനിലവാരം 400ന് മുകളിലാണ്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരെ മാരകമായി ബാധിച്ചേക്കാമെന്നും ശ്വാസകോശ അർബുദത്തിന്‍റെ സാധ്യതയും തള്ളിക്കളയാനാകില്ലെന്നും വിദഗ്‌ധർ പറയുന്നു.