ബെലഗാവി/ കർണാടക: പൂജയ്‌ക്കിടെയുള്ള തീർഥം കുടിക്കുന്നതിനിടെ 45കാരൻ അബദ്ധത്തില്‍ വിഴുങ്ങിയ കൃഷ്‌ണന്‍റെ ചെറിയ വിഗ്രഹം ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. കർണാടകയിലെ ബെലഗാവി സ്വദേശിയുടെ തൊണ്ടയിൽ കുടങ്ങിയിരുന്ന കൃഷ്‌ണ വിഗ്രഹമാണ് കെഎൽഇഎസ് ആശുപത്രിയിലെ ഡോക്‌ടർമാർ നീക്കിയത്.
വിഗ്രഹം ഉള്ളിൽ പോയശേഷം ഇയാൾക്ക് തൊണ്ടവേദനയും വീക്കവും അനുഭവപ്പെട്ടു. കൃഷ്ണവിഗ്രഹത്തിന്‍റെ ഇടതുകാൽ ഇയാളുടെ അന്നനാളത്തിൽ കുടുങ്ങിയതായി എൻഡോസ്കോപ്പിയിലൂടെ ഡോക്‌ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ഇഎൻടി വിഭാഗത്തിലെ ഡോക്‌ടർമാർ ശസ്‌ത്രക്രിയ നടത്തി വിജയകരമായി വിഗ്രഹം പുറത്തെടുക്കുകയായിരുന്നു.
ഡോക്‌ടർമാരായ ഡോ. പ്രീതി ഹസാരെ, ഡോ. വിനിത മേടഗുഡ്ഡമാത, ഡോ. ചൈതന്യ കാമത്ത് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.