ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ഷാംലിയിലെ സ്വകാര്യ ക്ലിനിക്കില്‍ നവജാത ശിശുക്കള്‍ മരിച്ചത് ഏസിയുടെ അമിത തണുപ്പ് കാരണമെന്ന് കണ്ടെത്തല്‍. ക്ലിനിക്ക് ഉടമയായ ഡോ. നിതുവിനെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 24) രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈരാനയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ ശനിയാഴ്‌ചയാണ് സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞുങ്ങളെ ഫോട്ടോ തെറാപ്പി യൂണിറ്റിലാക്കി. ഞായറാഴ്‌ച രാവിലെ കുഞ്ഞുങ്ങളെ സന്ദര്‍ശിക്കാന്‍ കുടുംബം എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി മുഴുവന്‍ ഉറങ്ങാനായി ഡോക്‌ടര്‍ നീതു ഏസി ഓണ്‍ ചെയ്‌തിരുന്നതായി കുടുംബം പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് ഡോക്‌ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴയില്‍ നവജാത ശിശു മരിച്ചത് അടുത്തിടെ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ അടുത്തിടെയാണ് നവജാത ശിശു മരിച്ചത്. നീര്‍ക്കുന്നം സ്വദേശികളായ വിനു- ചിഞ്ചു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഓഗസ്റ്റിന് ഏഴിന് വൈകിട്ടായിരുന്നു സംഭവം. പൊക്കിള്‍ കൊടിയില്‍ രക്തം കട്ടപിടിച്ചതാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായത്.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു; പിന്നാലെ അമ്മയും സഹോദരനും: ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഉപ്പുതുറയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്ത് വന്നത്. ഉപ്പുതുറ നാലാംമൈയിലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ മൂത്ത കുട്ടിയുമായി അമ്മ ജീവനൊടുക്കുകയായിരുന്നു. കൈതപ്പാല്‍ സ്വദേശി ലിജയും ഏഴ് വയസുള്ള ആണ്‍കുഞ്ഞുമാണ് ജീവനൊടുക്കിയത്.
28 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മരണത്തില്‍ മാനസികമായി തളര്‍ന്ന ലിജ മൃതദേഹം സംസ്‌കാര ചടങ്ങിന് കൊണ്ടു പോയതിന് പിന്നാലെയാണ് മരിച്ചത്. സംസ്‌കാര സമയത്ത് വീട്ടില്‍ തനിച്ചായ ലിജയും മൂത്തമകനും ജീവനൊടുക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ബന്ധുക്കള്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പയ്യന്നൂരിലും ശിശു മരണം: അടുത്തിടെയാണ് പയ്യന്നൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. കണ്ടങ്കാളി സ്വദേശി സതീഷ് രാധിക ദമ്പതികളുടെ ഇരട്ട കുട്ടികളില്‍ ഒരാളാണ് മരിച്ചത്. പാല്‍ കുടിച്ച കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു.
also read: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; 6 മാസത്തിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ