ബെംഗളൂരു : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനായി കനകപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാറും സഹോദരനായ ഡി കെ സുരേഷ് എംപിയും. കനകപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡി കെ ശിവകുമാര്‍ ഏപ്രില്‍ 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരന്‍റെയും പത്രിക സമര്‍പ്പണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെയാണ് ഡി കെ സുരേഷ് ഇലക്ഷന്‍ ഓഫിസര്‍ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
ഡി കെ ശിവകുമാറിന്‍റെ പത്രിക തള്ളുമെന്ന് അഭ്യൂഹം: തെരഞ്ഞെടുപ്പില്‍ കനകപൂരില്‍ നിന്ന് മത്സരിക്കുന്നതിനായി നേരത്തെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഡി കെ ശിവകുമാറിന്‍റെ നാമനിര്‍ദേശ പത്രിക തള്ളുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്നോണമാണ് ഡി കെ സുരേഷും പത്രിക സമര്‍പ്പിച്ചത്.
വിഷയത്തില്‍ പ്രതികരണവുമായി ഡി കെ സുരേഷ്: 'ഡി കെ ശിവകുമാറിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബിജെപി ചില തന്ത്രങ്ങള്‍ മെനയുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയിലാണ് ഞാനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കനകപൂരില്‍ തനിക്കും മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്' -ഡി കെ സുരേഷ് പറഞ്ഞു.
'കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തതോടെ പലരുടെയും കണ്ണുകള്‍ ഡി കെ ശിവകുമാറിലാണ്. തെറ്റായ വഴിയിലൂടെ ശിവകുമാറിനെ പരാജയപ്പെടുത്താനാണ് ബിജെപി പദ്ധതിയിടുന്നത്. നേരത്തെ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്‌തതും നോട്ടിസ് നല്‍കിയതും എല്ലാവരും കണ്ടതാണ്. അധികാര ദുര്‍വിനിയോഗം നടത്തുകയാണ് ബിജെപി' -ഡി കെ സുരേഷ് കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2023 | കൊല്‍ക്കത്തയെ പിടിച്ചുകെട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്, ആതിഥേയര്‍ക്ക് 128 റണ്‍സ് വിജയലക്ഷ്യം
ഡി കെ ശിവകുമാര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം സാധ്യതകള്‍ കണക്കിലെടുത്ത് കുടുംബത്തോടും നിയമോപദേഷ്‌ടാവിനോടും കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ഇതേ തുടര്‍ന്ന് പത്മനാഭ നഗറില്‍ നിന്ന് ഡി കെ സുരേഷ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തേക്കിറങ്ങുക രഘുനാഥ് നായിഡുവാണ്.
കര്‍ണാടക തെരഞ്ഞെടുപ്പ് 2023: സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പ്രചാരണങ്ങള്‍ കൊടുമ്പിരി കൊള്ളുകയാണ്. ബിജെപിക്കെതിരെ കച്ചമുറുക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ കടത്തിവെട്ടണമെന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി നേതൃത്വം.
സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഏകദേശം 20 ഇടങ്ങളില്‍ അദ്ദേഹം പ്രചാരണത്തിനെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. മെയ് 10നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം മെയ് 13ന്.