മാണ്ഡ്യ (കർണാടക) : അയ്യായിരത്തോളം പേർ തന്‍റെ സ്വത്തുക്കളുടെ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്‌ത സംഭവം ബിജെപിയുടെ കുതന്ത്ര രാഷ്‌ട്രീയത്തിന്‍റെ ചുരുളഴിക്കുന്നതാണെന്ന് ഡി കെ ശിവകുമാർ. ഡി കെ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'ഡി കെ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചതിൽ എന്താണ് കുഴപ്പം? ചില രാഷ്‌ട്രീയ കണക്കുകൂട്ടലുകൾ നടത്തിയാണ് ഡി കെ സുരേഷ് കനകപൂർ നിയമസഭ മണ്ഡലത്തിലേക്ക് നാമനിർദേശം സമർപ്പിച്ചത്. ഡി കെ സുരേഷിന്‍റെ നോമിനേഷൻ തിടുക്കപ്പെട്ട് എടുത്ത തീരുമാനമല്ല. ഇത് നമ്മുടെ ഒരു തന്ത്രമാണ്.
ആ രഹസ്യം ഞാൻ ഇപ്പോൾ പറയുന്നില്ല. വരും ദിവസങ്ങളിൽ എല്ലാരും അറിയും. കെ.ജെ ജോർജും നാമനിർദേശ പത്രിക സമർപ്പിച്ചു. ഞാൻ തന്നെയാണ് അദ്ദേഹത്തിന് ബി ഫോം നൽകിയത്. ഞങ്ങൾക്ക് ഞങ്ങളുടേതായ ചില കണക്കുകൂട്ടലുകളുണ്ട്', ഡി കെ ശിവകുമാർ പറഞ്ഞു.
അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിനത്തിലാണ് അപ്രതീക്ഷിതമായ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. കനകപുരിയിൽ മത്സരിക്കുന്ന കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് ഡമ്മി സ്ഥാനാർഥിയായി അനുജനും എംപിയുമായ ഡികെ സുരേഷ് നാമനിർദേശ പത്രിക നൽകുകയായിരുന്നു.
അതേസമയം താനും സിദ്ധരാമയ്യയുമാണോ ബിജെപിയുടെ ലക്ഷ്യം എന്ന ചോദ്യത്തിന് ഒരാൾ ശക്തമാകുമ്പോൾ അവർക്ക് കൂടുതൽ ശത്രുക്കളുണ്ടാകുമെന്നായിരുന്നു ശിവകുമാറിന്‍റെ മറുപടി. 'ഞാൻ ഒട്ടനവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ട്. എട്ട് നിയമസഭ തെരഞ്ഞെടുപ്പുകളും ഒരു പാർലമെന്‍റ് തെരഞ്ഞെടുപ്പും ഉൾപ്പെടെ ഒമ്പത് തെരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചിട്ടുണ്ട്. ഇത്തവണ 141 മുതൽ 150 വരെ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ഇത്തവണ വിജയിക്കും, സിദ്ധരാമയ്യ പറഞ്ഞു.
1,414 കോടിയുടെ ആസ്ഥി: കനകപുര മണ്ഡലത്തിൽ മത്സരിക്കുന്ന ഡികെ ശിവകുമാറിന് 1,414 കോടി രൂപയിലധികം ആസ്‌തിയുണ്ടെന്നാണ് നാമനിർദേശ പത്രികയിൽ വ്യക്‌തമാക്കിയിട്ടുള്ളത്. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ 108 പേജുകളിലായാണ് ശിവകുമാർ സ്വത്തുവിവരങ്ങൾ നൽകിയത്.
1,214 കോടിയിലധികമാണ് ഡികെ ശിവകുമാറിന്‍റെ സ്വകാര്യ സ്വത്ത്. സത്യവാങ്മൂലത്തിൽ ഭാര്യ ഉഷയ്ക്ക് 133 കോടിയും മകൻ ആകാശിന് 66 കോടിയും ആസ്‌തിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡികെ ശിവകുമാറിന് 970 കോടിയുടെ സ്ഥാവര സ്വത്തുക്കളും 244 കോടി രൂപ അനന്തരാവകാശവും 226 കോടി രൂപ കടവുമുണ്ട്.
23 ലക്ഷം രൂപ വിലമതിക്കുന്ന ഹബ്ലോട്ട് വാച്ചും സ്വത്ത് വിവരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് കിലോ സ്വർണാഭരണങ്ങളാണ് കുടുംബത്തിനുള്ളത്. പ്രതിവർഷം 14 കോടി രൂപയാണ് ഡി കെ ശിവകുമാറിന്‍റെ സമ്പാദ്യം. 2013ൽ ഡികെയുടെ കുടുംബവരുമാനം 252 കോടി രൂപയായിരുന്നു. 2018ൽ ഇത് 840 കോടി രൂപയായി ഉയർന്നിരുന്നു.
ALSO READ: കര്‍ണാടകയില്‍ 'ലിംഗായത്ത് മുഖ്യമന്ത്രി' തന്ത്രം പയറ്റാന്‍ ബിജെപി ; കോണ്‍ഗ്രസ് പ്രചാരണത്തിന് തിരിച്ചടി നല്‍കല്‍ ലക്ഷ്യം