ബെംഗളൂരു: ലഹരിമരുന്നായ കൊക്കെയ്‌ന്‍ വയറ്റിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ ആഫ്രിക്കൻ വംശജന്‍ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയില്‍. ലഹരിമരുന്ന് 64 ക്യാപ്‌സ്യൂളുകളായി വയറ്റിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ ദേവനഹള്ളി ഡിആർഐ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. പ്രതിയുടെ വയറ്റില്‍ നിന്നും പിടികൂടിയ ഒരു കിലോഗ്രാം തൂക്കം വരുന്ന കൊക്കെയ്‌ന് വിപണിയില്‍ 11 കോടിയോളം രൂപ വിലവരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
അന്വേഷണം ഒരാള്‍ക്കായി, പിടിയിലായത് മറ്റൊരാള്‍: എത്യോപ്യയിൽ നിന്നും ഒരു യാത്രക്കാരൻ ദേവനഹള്ളി കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിലുണ്ടായ സംശയത്തെ തുടർന്ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി സംഘത്തിന്‍റെ കൈയ്യിലകപ്പെടുന്നത്. ആഫ്രിക്കയിൽ നിന്നുമെത്തിയ നൈജീരിയൻ പൗരനായ പ്രതി, ഇന്ത്യയില്‍ വൈദ്യചികിത്സയ്‌ക്കായുള്ള വിസ നേടിയാണ് ബെംഗളൂരുവിലെത്തിയത്.
പ്രതിയെ കുടുക്കിയത് ഭക്ഷണവും വെള്ളവും: എത്യോപ്യന്‍ യാത്രക്കാരനായുള്ള തെരച്ചിലിനിടെയാണ് നൈജീരിയൻ പൗരനായ പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുന്നത്. ഇയാളുടെ പെരുമാറ്റം കൂടി പരിഗണിച്ചതോടെ ഈ സംശയം ഇരട്ടിച്ചു. ഇതോടെ ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥര്‍ വിളിച്ചുകൊണ്ടുപോയി. ചോദ്യം ചെയ്യലിനിടെ ഇയാള്‍ക്ക് കഴിക്കാൻ ഭക്ഷണവും കുടിക്കാൻ വെള്ളവും ഡിആർഐ ഉദ്യോഗസ്ഥര്‍ നൽകി. എന്നാല്‍ ഇയാള്‍ ഭക്ഷണവും വെള്ളവും സ്വീകരിക്കാന്‍ തയ്യാറായില്ല.
ഇതോടെ ഇയാളെ സംഘം കള്ളക്കടത്തുകാരനാണെന്ന് സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ നടത്തി. തുടര്‍ന്നാണ് ഇയാളുടെ വയറ്റിൽ നിന്നും 64 ക്യാപ്‌സ്യൂളുകളുള്ളതായി കണ്ടെത്തുന്നത്. ഇതിനുപിന്നാലെ വയറിനകത്തെ ക്യാപ്‌സ്യൂളുകൾ സുരക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു. അതേസമയം ഭക്ഷണ പാനീയങ്ങള്‍ കഴിച്ചാല്‍ ശരീരത്തിനുള്ളിലെ മയക്കുമരുന്ന് കാപ്സ്യൂളുകൾ പൊട്ടി മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭയന്നാണ് ഇയാള്‍ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതെന്നാണ് വിവരം. പ്രതിയെ ഡിആർഐ ഉദ്യോഗസ്ഥർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
കൊച്ചിയിലെ വന്‍ ലഹരിവേട്ട: കഴിഞ്ഞദിവസം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ഇന്ത്യന്‍ നേവിയും ചേര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംയുക്തമായി നടത്തിയ പ്രത്യേക ഓപറേഷനിലൂടെ 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. ഈ ലഹരിവേട്ടയില്‍ പിടികൂടിയ 2,525 കിലോഗ്രാം ലഹരിമരുന്നിന് 12,000 കോടിയിലേറെ രൂപ വിലവരുമെന്നായിരുന്നു എന്‍സിബി മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് പിടികൂടിയ പ്യൂരിറ്റി മെത്താംഫെറ്റാമിനിന് വിപണിയില്‍ 25,000 കോടി രൂപ വില വരുമെന്ന് എന്‍സിബി വ്യക്തമാക്കുന്നത്. ഉയര്‍ന്ന ഗ്രേഡ് മെത്താംഫെറ്റാമൈന്‍ ആയതിനാലാണ് മൂല്യം ഉയര്‍ന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
പിടികൂടിയത് ഇങ്ങനെ: 134 ചാക്കുകളിലായാണ് സംഘം മയക്കുമരുന്ന് പിടികൂടിയത്. ഒരു കിലോ വീതമുള്ള പാക്കറ്റുകളിലായാണ് ഈ മെത്താംഫെറ്റാമിൻ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ സംശയിക്കപ്പെടുന്ന ഒരു പാകിസ്ഥാൻ പൗരനെ അറസ്‌റ്റ് ചെയ്യുകയും ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വാങ്ങുകയും ചെയ്‌തിരുന്നു. എൻസിബിയും നേവിയും ചേര്‍ന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായാണ് ഓപറേഷൻ നടത്തിയതെന്നും പിടികൂടിയവയുടെ മൂല്യത്തില്‍ ഇത് വളരെ വലുതാണെന്നും ദൗത്യസേന അറിയിച്ചിരുന്നു.
ഇറാനിലെ ചബഹാർ തുറമുഖത്ത് നിന്നാണ് ഇവ എത്തിയത്. മയക്കുമരുന്നിന്‍റെ ഉറവിടം പാകിസ്ഥാനാണ് എന്നും ദൗത്യത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ സഞ്‌ജയ് കുമാര്‍ സിങ് വ്യക്തമാക്കി. പിടികൂടിയ ചരക്ക് ശ്രീലങ്ക, മാലിദ്വീപ്, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ളതായിരുന്നുവെന്നും ചെറിയ ബോട്ടുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് ചെന്ന് ലഹരി കൊണ്ടുവരുന്ന പ്രധാന കപ്പലില്‍ നിന്നും ചരക്കുകൾ കൈപ്പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.