പ്രഖ്യാപനം മുതല്‍ ധനുഷിന്‍റെ (Dhanush) ഏറ്റവും പുതിയ ചിത്രം 'ക്യാപ്റ്റൻ മില്ലർ'ക്ക് (Captain Miller) പ്രേക്ഷകർക്കിടയിൽ വളരെയധികം ഹൈപ്പ് ലഭിച്ചിരുന്നു. ഒരു പീരിയഡ് ചിത്രമായി അരുൺ മാതേശ്വരനാണ് (Arun Matheswaran) ക്യാപ്‌റ്റന്‍ മില്ലറുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നടക്കുന്ന ഒരു ആക്ഷൻ - അഡ്വഞ്ചർ ഡ്രാമയായാണ് ചിത്രം ഒരുക്കിയത്.
ധനുഷിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ ടീസര്‍ പങ്കുവച്ചിരിക്കുന്നത്. താരത്തിന്‍റെ 40-ാം ജന്മദിനമാണ് (Dhanush 40th birthday) ഇന്ന്. ജൂലൈ 28ന് കൃത്യം 12 മണിക്ക് തന്നെ നിർമാതാക്കൾ ക്യാപ്റ്റൻ മില്ലർ ടീസർ റിലീസ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
ടീസറിന് മുമ്പ് തന്നെ ക്യാപ്‌റ്റന്‍ മില്ലറിലെ ധനുഷിന്‍റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 30ന് ധനുഷ് തന്നെയാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ തന്‍റെ ക്യാപ്‌റ്റന്‍ മില്ലര്‍ ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്.
ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ടീസറില്‍ പരുക്കന്‍ ലുക്കിലാണ് ധനുഷിനെ കാണാനാവുക. ബ്രിട്ടീഷുകാരെ ശക്തമായി നേരിടുന്ന ധനുഷിന്‍റെ കഥാപാത്രവും അവര്‍ക്കെതിരെയുള്ള യുദ്ധ രംഗങ്ങളുമാണ് 1.33 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍.
ടീസറില്‍ ധനുഷിന്‍റെ കയ്യില്‍ എപ്പോഴും ഒരു ആയുധം കാണാം. കൂടുതലും വലിയ റൈഫിള്‍ ആയിരുന്നു. ശത്രുവിനെ കോടാലിയുമായി കൊല്ലാന്‍ പോകുന്ന ഒരു ക്രൂരമായ രംഗവുമുണ്ട്.
മില്ലര്‍, ഈസ, അനലീസന്‍ എന്നീ പേരുകളിലാണ് ചിത്രത്തില്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ഈ പേരുകളില്‍ അറിയപ്പെടുന്ന വ്യക്തിയെ തേടിയുള്ള വാണ്ടഡ് പോസ്‌റ്റര്‍ പുറത്തിറക്കുന്ന ബ്രിട്ടീഷുകാര്‍, ഇയാളെ കണ്ടെത്തുന്നയാൾക്ക് നല്ലൊരു സമ്മാന തുകയും വാഗ്‌ദാനം ചെയ്യുന്നു. ശേഷം, മറ്റൊരു ഗെറ്റപ്പിലെത്തുന്ന ധനുഷിനെയും ടീസറില്‍ കാണാം.
1930 കളുടെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ചിത്രമാണ് 'ക്യാപ്‌റ്റന്‍ മില്ലര്‍'. ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും സൂചനയുണ്ട്. ഒരു അച്ഛനും മകനുമായാകും 'ക്യാപ്‌റ്റന്‍ മില്ലറി'ല്‍ താരം പ്രത്യക്ഷപ്പെടുക.
അതേസമയം 'ക്യാപ്‌റ്റന്‍ മില്ലറി'ലെ ധനുഷിനെ ലുക്കിനെ കുറിച്ച് സംവിധായകന്‍ അരുൺ മാതേശ്വരൻ പ്രതികരിച്ചിട്ടുണ്ട്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു സംവിധായകന്‍റെ പ്രതികരണം. 'ക്യാപ്റ്റൻ മില്ലറി'ൽ ധനുഷ് ആകെ മൂന്ന് ലുക്കിൽ എത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
'ചിത്രിത്തില്‍ ധനുഷിന് മൂന്ന് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുക. ഈ ലുക്കുകളിൽ ഒന്ന് ആദ്യ പോസ്‌റ്ററിൽ ഉണ്ട്. ബാക്കിയുള്ളവ പിന്നീട് പ്രമോഷൻ സമയത്ത് റിലീസ് ചെയ്യും. സിനിമയുടെ 85 ശതമാനത്തിലധികം ചിത്രീകരിച്ചു. കന്നഡ താരം ശിവ രാജ്‌കുമാറിന്‍റെ ഭാഗങ്ങൾ പോലും ഞങ്ങൾ പൂർത്തിയാക്കി. സ്വാതന്ത്ര്യത്തിനു മുമ്പുള്ള 1930കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്' -അരുൺ മാതേശ്വരൻ പറഞ്ഞു.
അരുൺ മാതേശ്വരൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശിവ രാജ്‌കുമാർ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, മൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡ സൂപ്പര്‍താരം ശിവ രാജ്‌കുമാര്‍ ചിത്രത്തില്‍ ധനുഷിന്‍റെ മൂത്ത സഹോദരനായാണ് വേഷമിടുക.
സത്യജ്യോതി ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളും ഒറിജിനൽ സ്‌കോറും ഒരുക്കുക. 2023 ഡിസംബര്‍ 15ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Also Read: ധനുഷിന്‍റെ 'ഡി50'ക്ക് തുടക്കമായി ; ഗ്യാങ്‌സ്റ്റര്‍ ഡ്രാമയില്‍ സുന്ദീപ് കിഷനും എസ് ജെ സൂര്യയും