ന്യൂഡൽഹി: കൊവിഡ് പ്രോട്ടക്കോളുകല്‍ ലംഘിച്ച് അനുമതിയില്ലാതെ വിമാനത്തിനുള്ളില്‍ വിവാഹം സംഘടിപ്പിച്ചതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ ഏവിയേഷൻ ഡയറക്ടർ. വിവാഹസമയം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താനും ഡിജിസിഎ നിർദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിച്ച എല്ലാ യാത്രക്കാര്‍ക്കുമെതിരെ പരാതി നല്‍കാനും തീരുമാനമായിട്ടുണ്ട്.
തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് പറന്നുയര്‍ന്ന ചാർട്ടേഡ് വിമാനത്തിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും ബന്ധുക്കളും അതിഥികളും ഈ വിമാനത്തിലുണ്ടായിരുന്നു. വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകള്‍ നിന്നിരുന്നത്. ഞായറാഴ്ചയാണ് വിമാനം ബുക്ക് ചെയ്തത്. എന്നാല്‍ വിവാഹത്തെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയിച്ചിരുന്നില്ലെന്ന് മധുര എയർപോർട്ട് ഡയറക്ടർ എസ്. സെന്തിൽ വലവൻ പറഞ്ഞു.
വിമാനയാത്രയ്‌ക്ക് കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാൻ വിസമ്മതിക്കുന്നവരെ വിമാനത്തില്‍ നിന്ന് പുറത്താക്കാനുള്ള അനുമതിയും ഡിജിസിഎ നല്‍കിയിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഡിജിസിഎ എയർലൈൻ കമ്പനിയിൽ നിന്നും എയർപോർട്ട് അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.
also read: കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് നൽകില്ലെന്ന് ഫൈസർ, മോഡേണ കമ്പനികൾ