ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ രണ്ട് തവണ മൂത്രമൊഴിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എയർലൈനുകളുടെ ഓപ്പറേഷൻ മേധാവികൾക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ മാർഗ നിർദേശം. വിമാനത്തിലെ യാത്രക്കാരുടെ അനുചിതമായ പെരുമാറ്റത്തിൽ നടപടി സ്വീകരിക്കുന്നതിൽ പൈലറ്റുമാർ, കാബിൻ ക്രൂ അംഗങ്ങൾ എന്നിവർ പരാജയപ്പെട്ടതായി ഡിജിസിഎ കുറ്റപ്പെടുത്തി. സംഭവത്തിൽ ഉചിതമായ നടപടി കൈകൊള്ളാതിരുന്നത് സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിമാന യാത്രയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതായി ഏവിയേഷൻ റെഗുലേറ്ററി ബോഡി പറഞ്ഞു.
യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷയും വിമാനത്തിൽ അച്ചടക്കം നിലനിർത്തുന്നതും പൈലറ്റിന്‍റെ ഉത്തരവാദിത്തമാണ്. കാബിൻ ക്രൂ അംഗങ്ങൾ വിമാനത്തിനകത്തെ സാഹചര്യങ്ങൾ നിയന്ത്രിച്ചാലും സ്ഥിതിഗതികൾ പെട്ടെന്ന് വിലയിരുത്തി വിവരങ്ങൾ എയർലൈനിന്‍റെ കേന്ദ്രത്തിലേക്ക് അറിയിക്കേണ്ടതും പൈലറ്റിന്‍റെ ഉത്തരവാദിത്തമാണെന്ന് ഡിജിസിഎ പറഞ്ഞു.
കാബിൻ ക്രൂവിന്‍റെ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാണിച്ച ഡിജിസിഎ അവശ്യ സാഹചര്യങ്ങളിൽ യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. പ്രശ്‌നക്കാരായ യാത്രക്കാരോട് ആശയവിനിമയവും രേഖാമൂലമുള്ള അറിയിപ്പും എല്ലാ അനുരഞ്‌ജന സമീപനങ്ങളും നടത്തിയ ശേഷവും സാഹചര്യം നിയന്ത്രണ വിധേയമല്ലെങ്കിൽ നിയന്ത്രണ ഉപകരണങ്ങൾ പ്രയോഗിക്കണമെന്നും നിർദേശിച്ചു.