ന്യൂഡൽഹി: യാത്രക്കാരെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ ഗോ ഫസ്‌റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). 2023 ജനുവരി ഒമ്പതിനാണ് 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയർന്നത്. യാത്രക്കാർ ബസിൽ എത്തുന്നതിനിടെ വിമാനം പറന്നുയരുകയായിരുന്നു.
ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ജി8 116 എന്ന വിമാനമാണ് യാത്രക്കാരെ കയറ്റാതെ പറന്നത്. ബോർഡിങ് പാസ് ലഭിച്ച യാത്രക്കാരെ നാല് ബസുകളിലാണ് വിമാനത്തിലേക്ക് എത്തിച്ചത്. ഇതിൽ അവസാന ബസിലെ യാത്രക്കാർ വിമാനത്തിന് അടുത്തേക്ക് എത്തുന്നതിനിടെയാണ് വിമാനം പറന്നുയർന്നത്.
സംഭവത്തെത്തുടർന്ന് ഗോ ഫസ്‌റ്റ് എയർലൈൻസിന് ഡിജിസിഎ നോട്ടിസ് അയച്ചിരുന്നു. ഗ്രൗണ്ട് ഹാൻഡ്‌ലിങ്, ഫ്ലൈറ്റ് ഡിസ്‌പാച്ച് എന്നിവ ക്രമീകരിക്കുന്നതിൽ എയര്‍ലൈന്‍സ് കമ്പനി പരാജയപ്പെട്ടു എന്ന് ഡിജിസിഎ വ്യക്തമാക്കി.