ന്യൂഡല്‍ഹി : ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്ര നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈനെതിരെ നടപടിയെടുത്ത് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍). 5 ലക്ഷം രൂപയാണ് വിമാന കമ്പനിക്ക് പിഴ ചുമത്തിയത്. മെയ് 7ന് റാഞ്ചി വിമാനത്താവളത്തിലാണ് കുട്ടിക്ക് ബോഡിംഗ് നിഷേധിച്ചത്.
കുട്ടിക്ക് യാത്ര നിഷേധിച്ചതോടെ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളും വിമാനത്തിൽ കയറിയില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി മെയ് 9ന് ഡിജിസിഎ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചു. കുട്ടി പരിഭ്രാന്തനായിരുന്നുവെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്തില്‍ കയറ്റാതിരുന്നതെന്നുമായിരുന്നു എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.
Also Read ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ
ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ കൈകാര്യം ചെയ്‌തതിലുള്ള പോരായ്‌മയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ (ഡിജിസിഎ) പ്രസ്‌താവനയിൽ പറയുന്നു. കുട്ടിയോട് അനുകമ്പയോടെ പെരുമാറുമാറുകയും യാത്ര അനുവദിക്കുകയുമായിരുന്നു ഇന്‍ഡിഗോ ചെയ്യേണ്ടിയിരുന്നത്.
ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്‍ഡിഗോ ജീവനക്കാര്‍ പരാജയപ്പെട്ടുവെന്നും ഏവിയേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും ഡിജിസിഎ കുറ്റപ്പെടുത്തി. ഇത് കണക്കിലെടുത്താണ് എയർക്രാഫ്റ്റ് നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ഇന്‍ഡിഗോക്കെതിരെ 5 ലക്ഷം രൂപ പിഴ ചുമത്താൻ ഡിജിസിഎ തീരുമാനിച്ചത്.