ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി വിരമിച്ച സൈനിക ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രതിരോധമന്ത്രാലയം. മുൻ ആർമി മെഡിക്കൽ കോർപ്സ് (എഎംസി), ഷോർട്ട് സർവീസ് കമ്മിഷൻ (എസ്എസ്എൽസി) എന്നിവിടങ്ങളിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർമാരെ നിയമിക്കുന്നതിന് പ്രതിരോധ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന് (ഡിജി എ.എഫ്.എം.എസ്) ഉത്തരവ് പുറപ്പെടുവിച്ചു. ‘ടൂർ ഓഫ് ഡ്യൂട്ടി’ പദ്ധതി പ്രകാരം, 2017 നും 2021 നും ഇടയില്‍ വിരമിച്ച 400 മുൻ എഎംസി, എസ്എസ്എൽസി മെഡിക്കൽ ഓഫിസർമാരെ പരമാവധി 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
Also Read: കൊവിഡ് കെയർ കോച്ചുകൾ സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ
മെയ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ, വിരമിച്ച സമയത്ത് ലഭിച്ച ശമ്പളത്തിൽ നിന്നും അടിസ്ഥാന പെൻഷൻ തുക കുറച്ച് നിശ്ചിത പ്രതിമാസ തുക ഇവര്‍ക്ക് അനുവദിക്കും. മറ്റ് അലവൻസുകളൊന്നും അനുവദനീയമല്ല. നിയമിക്കപ്പെടുന്ന മെഡിക്കൽ ഓഫിസർമാർ സിവിലിയൻ മാനദണ്ഡങ്ങൾക്കനുസരിച്ച് വൈദ്യശാസ്ത്രപരമായി യോഗ്യരായിരിക്കണം. വിവിധ ആശുപത്രികളിൽ സ്പെഷ്യലിസ്റ്റുകൾ, സൂപ്പർ സ്പെഷ്യലിസ്റ്റുകൾ, പാരാമെഡിക്കലുകള്‍, എന്നിവരുൾപ്പെടെ അധിക ഡോക്ടർമാരെ എ.എഫ്.എം.എസ് ഇതിനകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇ-സഞ്ജീവനി ഒപിഡിയെക്കുറിച്ച് ഓൺലൈൻ സൗജന്യ കൺസൾട്ടേഷൻ നൽകുന്നതിന് മുൻ പ്രതിരോധ ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. Https://esanjeevaniopd.in/ എന്ന വെബ്‌സൈറ്റിൽ ഈ സേവനം ലഭ്യമാണ്.