ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നും മെയ് 24നകം അതിശക്തമായ ചുഴലിക്കാറ്റായി മാറി മെയ് 26ഓടെ പശ്ചിമ ബംഗാൾ, ഒഡിഷ തീരം തൊടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 155 മുതൽ 165 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ടൗട്ടെയ്‌ക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റും രാജ്യത്ത് ശക്തി പ്രാപിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടുതൽ വായനയ്‌ക്ക്: യാസ് ചുഴലിക്കാറ്റ് : തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി
ഇതിനോടകം തന്നെ ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സർക്കാരുകളും കേന്ദ്രവും മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന ആഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള സംസ്ഥാന-കേന്ദ്ര ഏജൻസികളുടെ തയ്യാറെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്‌തിരുന്നു. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഈ മേഖലകളിൽ വൈദ്യുതി വിതരണവും ആശയവിനിമയത്തിനുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് ബാധിതരായി ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ സൗകര്യങ്ങളിലും കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങളിലും തടസമുണ്ടാകാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.