ബെംഗളൂരു: കര്‍ണാടകയില്‍ കെഎസ്‌ടിഡിസി ടാക്‌സി ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. കെംമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് മുന്നിലാണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്. സാമ്പത്തിക പരാധീനതകള്‍ മൂലമാണ് ഡ്രൈവര്‍ പ്രതാപ് (26) തീകൊളുത്തിയതെന്ന് കരുതുന്നു. വിമാനത്താവളത്തില്‍ യാത്രക്കാരുമായി എത്തിയതായിരുന്നു ഇയാള്‍. തുടര്‍ന്ന് പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റികളും, ജനങ്ങളും ഓടിയെത്തി കാറിന്‍റെ ഗ്ലാസ് തകര്‍ത്ത് പ്രതാപിനെ പുറത്തെടുക്കുകയായിരുന്നു.
അടുത്തുള്ള ആശുപത്രിയില്‍ ഇയാളെ എത്തിക്കുകയും പിന്നീട് വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 90 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചയോടെ പ്രതാപ് മരിച്ചു. ലോക്ക് ഡൗണിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ പ്രതാപ് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.