റൂർക്കി (ഉത്തർപ്രദേശ്): വെജിറ്റേറിയൻ പിസ ഓർഡർ ചെയ്‌ത ഉപഭോക്താവിന് നോൺ വെജിറ്റേറിയൻ പിസ നല്‍കിയ സംഭവത്തിൽ ഡൊമിനോസ് പിസ കമ്പനിയോട് നഷ്‌ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ജില്ല ഉപഭോക്തൃ കമ്മിഷൻ. നഷ്‌ടപരിഹാരമായി 9 ലക്ഷത്തി 65,918 രൂപ നൽകാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. ഉപഭോക്തൃ സേവനത്തിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍റെ നടപടി.
റൂർക്കി സാകേത് നിവാസിയായ ശിവങ് മിത്തൽ 2020 ഒക്ടോബർ 26ന് രാത്രി 8.30ഓടെയാണ് പിസ ടാക്കോ, ചോക്കോ ലാവ കേക്ക് എന്നിവ ഓൺലൈനായി ഓർഡർ ചെയ്‌തത് എന്ന് മുതിർന്ന അഭിഭാഷകനായ ശ്രീഗോപാൽ നർസൻ പറഞ്ഞു.
വെജിറ്റേറിയന് പകരം നോൺ വെജിറ്റേറിയൻ: ശിവങ് മിത്തലും കുടുംബവും പൂർണമായി വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണ്. ഇവർ ഡോമിനോസ് പിസ കമ്പനിയിൽ നിന്നും പിസ ഓർഡർ ചെയ്യുകയും ജീവനക്കാരൻ ഓർഡർ ചെയ്‌ത പിസ ശിവങ് മിത്തലിന്‍റെ വീട്ടിൽ എത്തിക്കുകയും ചെയ്‌തു. വെജിറ്റേറിയൻ പിസയ്ക്ക് 918 രൂപയും നൽകി. ഉപഭോക്താവ് പാക്കറ്റ് തുറന്നപ്പോഴാണ് നോൺ വെജിറ്റേറിയൻ പിസയാണെന്ന് മനസിലായത്. ഇതിനെ തുടർന്ന് ശിവങ് മിത്തൽ ഛർദിക്കാൻ തുടങ്ങുകയും അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുകയും ചെയ്‌തു.
ഉപഭോക്തൃ പരാതി: ഗംഗനഹർ റൂർക്കി പൊലീസ് സ്‌റ്റേഷനിൽ ഡൊമിനോസ് പിസ കമ്പനിക്കെതിരെ ശിവങ് മിത്തൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഉപഭോക്തൃ കമ്മിഷനിൽ അദ്ദേഹം പരാതി നൽകി. സംഭവത്തിൽ ഇരുഭാഗങ്ങളുടെയും വാദം കേട്ട ശേഷം ഉപഭോക്തൃ സേവനത്തിൽ ഉണ്ടായ കടുത്ത വീഴ്‌ചയാണെന്ന് കമ്മിഷൻ കണ്ടെത്തി.
നഷ്‌ടപരിഹാരം: ഉപഭോക്തൃ കമ്മിഷന്‍റെ തീരുമാനപ്രകാരം പിസ കമ്പനിയായ ഡോമിനോസ് ഉപഭോക്താവിന്‍റെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഹനിക്കുന്ന രീതിയിൽ സേവനം ദുരുപയോഗം ചെയ്തതിനാല്‍ 9 ലക്ഷത്തി 65,918 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് വിധിച്ചു.