ന്യൂഡല്‍ഹി : മരിച്ചുപോയ പിതാവിന്‍റെ 'പുനർജന്മ'ത്തിനായി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നരബലി നടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തട്ടിക്കൊണ്ടുപോയി 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധിച്ചുവെന്നും പ്രതിയായ ശ്വേതയെ (24) അറസ്‌റ്റ് ചെയ്‌തുവെന്നും പൊലീസ് അറിയിച്ചു.
ഡല്‍ഹിയിലെ ഗഡി മേഖലയില്‍ നിന്നും നവംബർ 10ന് വൈകിട്ട് ഏകദേശം നാല് മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസം മരിച്ച തന്‍റെ പിതാവിന്‍റെ 'പുനർജന്മ'ത്തിനായി കുട്ടിയെ നരബലി നല്‍കാനാണ് തട്ടിക്കൊണ്ടുപോയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി വെളിപ്പെടുത്തി.
ഒക്‌ടോബറില്‍ മരിച്ച പിതാവിന്‍റെ സംസ്‌കാര ചടങ്ങിനിടെ ഒരേ ലിംഗത്തില്‍പ്പെട്ട കുട്ടിയെ നരബലി നല്‍കിയാല്‍ പിതാവ് 'ഉയര്‍ത്തെഴുന്നേല്‍ക്കു'മെന്ന് ആരോ പറഞ്ഞതിനെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇവർ തീരുമാനിക്കുന്നതെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളെ പരിചയപ്പെട്ടു : കഴിഞ്ഞ ഒരു മാസമായി നരബലി നടത്താനായി ഒരു കുട്ടിയെ ഇവർ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനായി ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തിയ ഇവർ, നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തി.
കുറച്ച് നാളുകള്‍ക്ക് ശേഷം പ്രസ്തുത കുട്ടിയുടെ മാതാപിതാക്കളെ ഇവര്‍ പരിചയപ്പെട്ടു. അവരുടെ വിശ്വാസം നേടിയെടുക്കാനായി പ്രതി ഇവരെ നിരന്തരം സന്ദര്‍ശിച്ചിരുന്നു. ഒരവസരം കാത്തിരുന്ന ഇവർ നവംബർ 10ന് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
'ജച്ച-ബച്ച' എന്ന് പേരുള്ള ഒരു സന്നദ്ധ സംഘടനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അമ്മയ്‌ക്കും കുഞ്ഞിനും സൗജന്യ ചികിത്സ നല്‍കാന്‍ സഹായിക്കാമെന്നും പറഞ്ഞാണ് പ്രതി കുട്ടിയുടെ മാതാപിതാക്കളെ പരിചയപ്പെട്ടത്. പിന്നീട് കുഞ്ഞിനെ നിരീക്ഷിക്കാനെത്തിയതാണെന്ന് പറഞ്ഞ് ഇവർ വീട്ടിലെത്താന്‍ തുടങ്ങി. തട്ടിക്കൊണ്ടുപോകുന്നതിന്‍റെ തലേദിവസം ഇവര്‍ കുട്ടിയെ പരിശോധിക്കാനാണെന്ന് പറഞ്ഞാണ് വീട്ടിലെത്തിയതെന്നും മാതാപിതാക്കള്‍ വിശദീകരിച്ചു.
ബന്ധുവിന് ശീതളപാനീയം നല്‍കി ബോധരഹിതയാക്കി: നവംബര്‍ പതിവുപോലെ പ്രതി വീട്ടിലെത്തി. കുട്ടിയുടെ അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് കൊണ്ടുപോകാന്‍ കുഞ്ഞിനെ തരുമോ എന്ന് ഇവർ ചോദിച്ചു. ബന്ധുവായ റിതുവിനോട് ഇവരുടെ കൂടെ പോകാന്‍ കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.
തന്‍റെ സ്വിഫ്‌റ്റ് കാറിലാണ് പ്രതി കുഞ്ഞിനെയും ബന്ധുവിനെയും കൊണ്ടുപോയത്. ശീതളപാനീയം നല്‍കിയതിനെ തുടര്‍ന്ന് റിതു ബോധരഹിതയായി. തുടർന്ന് ഗാസിയാബാദിലെത്തിയപ്പോള്‍ റിതുവിനെ ഇവര്‍ വഴിയില്‍ ഉപേക്ഷിച്ചു. ബോധം തിരിച്ചുവന്നതിന് ശേഷം റിതു കുടുംബത്തെ വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.