ന്യൂഡൽഹി: ഡല്‍ഹി കലാപ കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥി നേതാക്കളെ ഉടന്‍ ജയില്‍ മോചിതരാക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. പിഞ്ചര തോഡ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളുമായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാർഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവരെ മോചിപ്പിക്കാനാണ് കകർദൂമ കോടതി ഉത്തരവിട്ടത്.
ഡല്‍ഹി കലാപത്തെ തുടർന്ന് കഴിഞ്ഞ വര്‍ഷം മെയില്‍ മൂന്ന് പേരും അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ഇന്ന് കോടതിയെ സമീപിച്ചു. എന്നാൽ അഡീഷണല്‍ സെഷന്‍സ് കോടതി ഇത് തള്ളി. ഇവരെ ഉടന്‍ വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ഹൈക്കോടതി ഇതിനകം ജാമ്യം അനുവദിച്ചതാണെന്നും തിഹാര്‍ ജയിലിലേക്ക് വിട്ടയക്കാനുള്ള ഉത്തരവ് അയച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂന്നുപേരെയും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകളിലും സമാനമായ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.