ന്യൂഡൽഹി : ഡൽഹിയിൽ അൺലോക്കിന്‍റെ ഭാഗമായി മാർക്കറ്റുകൾ, റസ്‌റ്റോറന്‍റുകൾ എന്നിവ ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കുകൾ രേഖപ്പെടുത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങളോടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ അനുവാദം നൽകിയത്.
ആഴ്‌ചകളിലുള്ള വിപണികളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെങ്കിലും ഒരു ദിവസം ഒരു മേഖലയിൽ ഒന്ന് മാത്രമേ തുറക്കാൻ കഴിയൂ. റസ്‌റ്റോറന്‍റുകളിൽ 50 ശതമാനം സീറ്റുകളിൽ മാത്രമേ ആളുകളെ അനുവദിക്കൂ.
സർക്കാരിന്‍റെ ഉത്തരവ് പ്രകാരം ഓട്ടോ, ഇ-റിക്ഷകൾ, ടാക്‌സികൾ എന്നിവയിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി രണ്ടിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. എന്നാൽ കോളജുകൾ, വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവ തുറക്കാൻ അനുവാദമില്ല.
Also Read:ജൂൺ 21 വരെ ലോക്ക് ഡൗൺ നീട്ടി ഹരിയാന സർക്കാർ
ഉത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നീന്തൽക്കുളങ്ങൾ, സ്‌റ്റേഡിയങ്ങൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, സിനിമ തിയറ്ററുകൾ, ജിമ്മുകൾ എന്നിവ അടച്ചിട്ടിരിക്കുന്നത് തുടരും. സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ ജിം ഉടമസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം അൺലോക്ക് ഘട്ടത്തിൽ ഹോട്ടൽ പോലെയുള്ള പൊതുസ്ഥലങ്ങളിൽ വിവാഹം നടത്താൻ അനുവാദമില്ല. വിവാഹം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകൾക്ക് 20 പേരെ മാത്രമേ അനുവദിക്കൂ. അന്തർ സംസ്ഥാന യാത്രകൾക്കും ഇപ്പോൾ നിയന്ത്രണമില്ല.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏപ്രിൽ 19 മുതലാണ് ഡൽഹിയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത്. പിന്നീട് പല തവണകളായി അടച്ചുപൂട്ടല്‍ നീട്ടിയിരുന്നു.