ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്ലാസ്‌മ തെറാപ്പി സുഗമമാക്കാനുള്ള സജീകരണവുമായി ഡല്‍ഹി പൊലീസ്. പ്ലാസ്‌മ ദാദാക്കളെയും, സ്വീകര്‍ത്താക്കളെയും ബന്ധിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ഡാറ്റാ ബാങ്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. 'ജീവന്‍ രക്ഷക്' എന്നാണ് ഈ സംരംഭത്തിന് നല്‍കിയിരിക്കുന്ന പേര്. പ്ലാസ്‌മ ആവശ്യമുള്ളവര്‍ക്കായി ഓണ്‍ലൈന്‍ ഗൂഗിള്‍ ഫോം ഒരുക്കിയിട്ടുണ്ട്. അത് പൂരിപ്പിച്ച് അഭ്യര്‍ത്ഥന രജിസ്റ്റര്‍ ചെയ്യാം. ഫോമിന്‍റെ ലിങ്ക് ഡല്‍ഹി പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. ദാതാവിന് പേര്, പ്രായം, ലിംഗഭേദം, മറ്റ് രോഗങ്ങളുണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍, കോൺടാക്റ്റുകൾ, സ്ഥലം, രക്തഗ്രൂപ്പ്, കൊവിഡ് മുക്തനായ തീയതി, സോഷ്യൽ മീഡിയ ഐഡികള്‍ തുടങ്ങിയ വിശദാംശങ്ങൾ ദാദാക്കള്‍ ഫോമില്‍ പൂരിപ്പിക്കണം.
Also Read: കൊവിഡ് മുക്തര്‍ പ്ലാസ്‌മാദാനത്തിന് സന്നദ്ധരാകണമെന്ന് അരവിന്ദ് കെജ്‌രിവാള്‍
പ്ലാസ്‌മ ആവശ്യമുള്ളവര്‍ രോഗിയുടെ പേര്, പ്രായം, ലിംഗഭേദം, രോഗിയുടെ മൊബൈൽ നമ്പർ, പരിപാലകന്‍റെ പേര്, ആശുപത്രിയുടെ പേര്, ആശുപത്രിയുടെ പേഷ്യന്‍റ് ഐഡി, ആശുപത്രിയുടെ സ്ഥലം, രക്ത ഗ്രൂപ്പ്, ഡോക്ടറുടെ കുറിപ്പ് തുടങ്ങിയ വിശദാംശങ്ങള്‍ പൂരിപ്പിക്കണം. ഡല്‍ഹി പൊലീസായിരിക്കും വിവരങ്ങള്‍ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത്. പ്ലാസ്‌മ സ്വീകർത്താക്കൾക്കായി ലഭിച്ച അഭ്യർത്ഥനകൾ പരിശോധിക്കുന്നതിനും അനുയോജ്യമായ ദാതാവിന്‍റെ ലഭ്യതയെക്കുറിച്ചും പരിശോധിക്കാന്‍ ഒരു ടീമിനെ നിയോഗിക്കും. സ്വീകർത്താവിനെയും ദാതാവിനെയും കുറിച്ചുള്ള വിവരങ്ങൾ അവരുമായി പങ്കിടും. ഈ സംരംഭം വഴി സ്വീകർത്താക്കൾക്ക് സമയബന്ധിതമായി പ്ലാസ്‌മ തെറാപ്പി സാധ്യമാക്കുന്നതിനും വിലയേറിയ ജീവൻ രക്ഷിക്കുന്നതിനും സഹായിക്കും എന്നാണ് ഡല്‍ഹി പൊലീസ് പ്രതീക്ഷിക്കുന്നത്.