ന്യൂഡൽഹി : ഉത്സവ സീസണിൽ രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കര്‍ശന നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കാന്‍ ഡല്‍ഹി പൊലീസ്. വിഷയം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഡൽഹി കമ്മിഷണർ രാകേഷ് അസ്‌താന കൂടിക്കാഴ്‌ച നടത്തി.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തദ്ദേശീയരില്‍ നിന്ന് സഹായം സ്വീകരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സജീവ ചര്‍ച്ചയായി. പ്രാദേശിക പിന്തുണയില്ലെങ്കിൽ തീവ്രവാദികള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ലെന്ന് അസ്‌താന കൂടിക്കാഴ്‌ചയിൽ പറഞ്ഞു.
Also Read: ലഖിംപുര്‍ ഖേരി കര്‍ഷക ഹത്യ : മന്ത്രിപുത്രൻ റിമാൻഡിൽ
പ്രാദേശിക കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ, യാഥാസ്ഥിതിക ഘടകങ്ങൾ എന്നിവ തീവ്രവാദികളെ സഹായിക്കാനുള്ള സാധ്യതയുണ്ട്. സൈബർ കഫേകൾ, കെമിക്കൽ ഷോപ്പുകൾ, പാർക്കിങ് സ്ഥലങ്ങൾ, ആക്രിക്കടകൾ, കാർ വാടകയ്ക്കുനല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദികൾ പെട്രോൾ പമ്പുകളും പെട്രോൾ ടാങ്കറുകളും ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെയും വാടകക്കാരുടെയും വിവരങ്ങൾ പരിശോധിക്കാന്‍ ക്യാംപയിന്‍ ആരംഭിക്കാനും അദ്ദേഹം നിർദേശം നൽകി.